ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന ലോകചാമ്പ്യന്മാരാവുകയായിരുന്നു. ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ നിശബ്ദരായി കളിക്കുന്ന ഫ്രാന്‍സിനെയാണ് കാണാനായത്.
എന്നാല്‍ രണ്ടാം പാദത്തില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ വമ്പന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അരങ്ങേറിയത്.
അര്‍ജന്റീനക്കെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് നേടിയ എംബാപ്പെ ഖത്തര്‍ ലോകകപ്പില്‍ ആകെ എട്ട് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. സൂപ്പര്‍താരം ലയണല്‍ മെസിയെ പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം.
ലോകകപ്പിലെ എംബാപ്പെയുടെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. ഖത്തര്‍ ലോകകപ്പില്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് താരത്തിന്റെ കളിയായിരുന്നെന്നും തുടക്കം മുതല്‍ എംബാപ്പെ ഒരേ ഫോമിലായിരുന്നെന്നുമാണ് റൊണാള്‍ഡോ പറഞ്ഞത്.
‘ഈ ലോകകപ്പില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കിലിയന്‍ എംബാപ്പെയുടെ പ്രകടനമാണ്. തുടക്കം മുതല്‍ ഫൈനല്‍ വരെ അസാധ്യ പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയോ സെമിയില്‍ മൊറോക്കോക്കെതിരെയോ ഗോള്‍ നേടിയില്ലെങ്കില്‍ പോലും തകര്‍പ്പന്‍ ഫോം നിലനിര്‍ത്താന്‍ താരത്തിനായി. അതോടൊപ്പം അസിസ്റ്റ് നല്‍കുന്ന കാര്യത്തിലും താരത്തിന് മികവ് കാട്ടാനായി,’ റൊണാള്‍ഡോ വ്യക്തമാക്കി.
എംബാപ്പെയുടെ ഫൈനലിലെ പ്രകടനം വാക്കുകള്‍ക്കതീതമാണെന്നും ലോക ചരിത്രത്തിലെ തന്നെ മികച്ച ഫുട്‌ബോളറായി മാറാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
അതേസമയം പി.എസ്.ജിയില്‍ തിരിച്ചെത്തി എംബാപ്പെ പരിശീലനം ആരംഭിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു.
ഫൈനലിലെ തോല്‍വിയില്‍ നിന്ന് താന്‍ മോചിതനായെന്നാണ് എംബാപ്പെ പ്രതികരിച്ചത്. ഇതോടെ 28ന് സ്ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കും.