| Wednesday, 28th June 2023, 10:20 pm

മെസിയും ക്രിസ്റ്റ്യാനോയുമല്ല, മികച്ച താരത്തെ കുറിച്ച് റൊണാള്‍ഡോ നസാരിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്ബോളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ട്രൈക്കര്‍മാരില്‍ ഒരാളാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ. നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി ബൂട്ടുകെട്ടുന്ന താരം മികച്ച പ്രകടനമാണ് ക്ലബ്ബിനായി കാഴ്ചവെക്കുന്നത്.

ഫിഫ ലോകകപ്പ് 2022ലെ എംബാപ്പെയുടെ തകര്‍പ്പന്‍ പ്രകടനത്തെ കുറിച്ച് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍. ഖത്തര്‍ ലോകകപ്പില്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് എംബാപ്പെയുടെ പ്രകടനമായിരുന്നെന്നും തുടക്കം മുതല്‍ എംബാപ്പെ ഒരേ ഫോമിലായിരുന്നെന്നും പറയുകയായിരുന്നു അദ്ദേഹം.

‘ഈ ലോകകപ്പില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കിലിയന്‍ എംബാപ്പെയുടെ പ്രകടനമാണ്. തുടക്കം മുതല്‍ ഫൈനല്‍ വരെ അസാധ്യ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയോ സെമിയില്‍ മൊറോക്കോക്കെതിരെയോ ഗോള്‍ നേടിയില്ലെങ്കില്‍ പോലും തകര്‍പ്പന്‍ ഫോം നിലനിര്‍ത്താന്‍ താരത്തിനായി. അതോടൊപ്പം അസിസ്റ്റ് നല്‍കുന്ന കാര്യത്തിലും താരത്തിന് മികവ് കാട്ടാനായി,’ റൊണാള്‍ഡോ വ്യക്തമാക്കി.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് നേടിയ എംബാപ്പെ ഖത്തര്‍ ലോകകപ്പില്‍ ആകെ എട്ട് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു. സൂപ്പര്‍താരം ലയണല്‍ മെസിയെ പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം.

എംബാപ്പെയുടെ ഫൈനലിലെ പ്രകടനം വാക്കുകള്‍ക്കതീതമാണെന്നും ലോക ചരിത്രത്തിലെ തന്നെ മികച്ച ഫുട്‌ബോളറായിമാറാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. 2024 വരെയാണ് എംബാപ്പെക്ക് പി.എസ്.ജിയില്‍ കരാറുള്ളത്. കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധ്യമല്ലെന്നും 2024ല്‍ ഫ്രീ ഏജന്റായി തനിക്ക് ക്ലബ്ബ് വിടണമെന്നും എംബാപ്പെ പാരീസിയന്‍സിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ ക്ലബ്ബ് വിടാന്‍ പി.എസ്.ജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് വിടാന്‍ എംബാപ്പെ തയ്യാറാണെന്നും എന്നാല്‍ കരാറില്‍ പറഞ്ഞതുപ്രകാരം താരത്തിന് നല്‍കാമെന്നേറ്റ ലോയല്‍റ്റി ബോണസ് മുഴുവന്‍ കിട്ടണമെന്ന് അദ്ദേഹം പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

Content Highlights: Ronaldo Nazario praises Kylian Mbappe

We use cookies to give you the best possible experience. Learn more