ഫുട്‌ബോളില്‍ മറ്റൊരാള്‍ക്കും പകരം വെക്കാന്‍ സാധിക്കാത്ത പേരാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടേത്. കളിക്കളത്തില്‍ ചാട്ടുളി പോലെ കുതിച്ച് പാഞ്ഞ് എതിരാളികളുടെ വലകുലുക്കുന്ന പ്രൈം റൊണാള്‍ഡോ എന്നും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.
സ്പാനിഷ് ലാലിഗയും ഇറ്റാലിയന്‍ സീരി എയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ. സ്‌പെയ്‌നില്‍ ബാഴ്‌സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്. ഈ നാല് ടീമിന്റെയും ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ടവനാണ് ആര്‍9.
ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച എട്ട് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് റൊണാള്‍ഡോ. നേരത്തെ ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് മറുപടിയായണ് റൊണാള്‍ഡോ നസാരിയോ ഇക്കാര്യം പറഞ്ഞത്.
അര്‍ജന്റൈന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണ, ലയണല്‍ മെസി, ഡച്ച് ലെജന്‍ഡുകളായ യൊഹാന്‍ ക്രൈഫ്, മാര്‍ക്കോ വാന്‍ബെസ്റ്റന്‍, ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ലോക ഫുട്ബോളിന് ബ്രസീല്‍ നല്‍കിയ സമ്മാനം പെലെ, സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ എന്നിവരാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ആദ്യ ഏഴ് താരങ്ങള്‍.
എട്ടാമന്‍ താന്‍ തന്നെയാണെന്നും വ്യത്യസ്ത കാലഘട്ടത്തില്‍ കളിച്ച താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചൊരു താരത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും റൊണാള്‍ഡോ പറയുന്നു.
അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും പോര്‍ച്ചുഗല്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അദ്ദേഹം തെരഞ്ഞെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ക്രിസ്റ്റ്യാനോനോ വിവാദങ്ങളുടെ പിടിയിലകപ്പെട്ടതാണ് താരത്തെ ഒഴിവാക്കുന്നതിനായുള്ള കാരണമായി റൊണാള്‍ഡോ നസാരിയോ പറഞ്ഞത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാം വരവില്‍ ടോട്ടന്‍ഹാമിനെതിരെ നടന്ന മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് കളം വിട്ടിറങ്ങിയതാണ് വലിയ വിവാദത്തിനിരയാക്കിയത്.
തുടര്‍ന്ന് നടന്ന യുണൈറ്റഡിന്റെ മത്സരത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട താരം പിന്നീട് ഖേദ പ്രകടനം നടത്തിയെങ്കിലും ഫുട്ബോളിനോട് തന്നെ അനാദരവ് കാണിച്ചെന്ന കാരണത്താല്‍ അവഗണിക്കപ്പെടുകയായിരുന്നു.
ക്രിസ്റ്റ്യാനോക്ക് പുറമെ സിനദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റിനി, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, പുഷ്‌കാസ് എന്നിവരും റൊണാള്‍ഡോയുടെ ബെസ്റ്റ് പട്ടികയില്‍ ഇടംപിടിച്ചില്ല.
Content Highlight: Ronaldo Nazario picks best players