| Friday, 16th August 2024, 9:10 pm

ലോകത്തിലെ ഏറ്റവും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്ത് റൊണാള്‍ഡോ; ലോക ഇതിഹാസങ്ങളില്‍ പലരും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ചരിത്രത്തില്‍ ഒരിക്കലും പകരം വെക്കാന്‍ സാധിക്കാത്ത പേരാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടേത്. കളിക്കളത്തില്‍ മിന്നല്‍ പിണര്‍ പോലെ കുതിച്ച് പാഞ്ഞ് തങ്ങളുടെ വലകുലുക്കുന്ന പ്രൈം റൊണാള്‍ഡോ എന്നും എതിരാളികളുടെ പേടി സ്വപ്നമായിരുന്നു.

സ്പെയ്നിലും ഇറ്റലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ. സ്പെയ്നില്‍ ബാഴ്സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്. അത്യപൂര്‍വമായ കരിയര്‍! ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച എട്ട് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് റൊണാള്‍ഡോ. നേരത്തെ ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് മറുപടിയായണ് ആര്‍9ഇക്കാര്യം പറഞ്ഞത്.

അര്‍ജന്റൈന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണ, ലയണല്‍ മെസി, ഡച്ച് ലെജന്‍ഡുകളായ യൊഹാന്‍ ക്രൈഫ്, മാര്‍ക്കോ വാന്‍ബെസ്റ്റന്‍, ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ലോക ഫുട്‌ബോളിന് ബ്രസീല്‍ നല്‍കിയ ഏറ്റവും മികച്ച സമ്മാനമായ ഇതിഹാസ താരം പെലെ, സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ എന്നിവരാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ആദ്യ ഏഴ് താരങ്ങള്‍.

എട്ടാമന്‍ താന്‍ തന്നെയാണെന്നും വ്യത്യസ്ത കാലഘട്ടത്തില്‍ കളിച്ച താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചൊരു താരത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും റൊണാള്‍ഡോ പറയുന്നു.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആര്‍9 തെരഞ്ഞെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. താരം വിവാദങ്ങളുടെ പിടിയിലകപ്പെട്ടതാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സെക്കന്‍ഡ് റണ്ണില്‍ ടോട്ടന്‍ഹാമിനെതിരെ നടന്ന മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് കളം വിട്ടിറങ്ങിയതാണ് വലിയ വിവാദത്തിനിരയാക്കിയത്. തുടര്‍ന്ന് നടന്ന യുണൈറ്റഡിന്റെ മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട താരം പിന്നീട് ഖേദ പ്രകടനം നടത്തിയെങ്കിലും ഫുട്‌ബോളിനോട് തന്നെ അനാദരവ് കാണിച്ചെന്ന കാരണത്താല്‍ അവഗണിക്കപ്പെടുകയായിരുന്നു.

ക്രിസ്റ്റ്യാനോക്ക് പുറമെ സിനദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റിനി, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, ഫെറന്‍ക് പുഷ്‌കാസ് എന്നിവരും റൊണാള്‍ഡോയുടെ ബെസ്റ്റ് പട്ടികയില്‍ ഇടംപിടിച്ചില്ല.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡോ തെരഞ്ഞെടുത്ത ഓള്‍ ടൈം ഡ്രീം ഇലവനിലും ഇടം നേടാന്‍ ക്രിസ്റ്റിയാനോക്ക് സാധിച്ചിരുന്നില്ല. എന്നതും ശ്രദ്ധേയമാണ്.

റൊണാള്‍ഡോയുടെ ഡ്രീം ടീം

ഗോള്‍ കീപ്പര്‍: ജിയാന്‍ലൂജി ബഫണ്‍

പ്രതിരോധനിര: കഫു, പൗലോ മാല്‍ഡീനി, ഫാബിയോ കന്നവാരോ, റോബെര്‍ട്ടോ കാര്‍ലോസ്.

മധ്യനിര: ഡിഗോ മറഡോണ, സിനദിന്‍ സിദാന്‍, ആന്ദ്രേ പിര്‍ലോ, ലയണല്‍ മെസി.

മുന്നേറ്റനിര: പെലെ, റൊണാള്‍ഡോ നസാരിയോ.

Content Highlight: Ronaldo Nazario picks best 8 players of the world

We use cookies to give you the best possible experience. Learn more