സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്ക് ബ്രസീലിയന്‍ താരങ്ങളോടുള്ള സമീപനങ്ങള്‍ എങ്ങനെയാണെന്ന് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. ബാഴ്‌സലോണ തന്നോട് മോശമായി പെരുമാറിയെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.
മറ്റ് ബ്രസീലിയന്‍ താരങ്ങളായ നെയ്മര്‍, റൊമാരിയോ, റൊണാള്‍ഡീഞ്ഞോ എന്നിവര്‍ക്കും സ്പാനിഷ് ക്ലബ്ബില്‍ നിന്നും സമാനമായ രീതിയില്‍ മോശം അനുഭവം നേരിട്ടുവെന്നും റൊണാള്‍ഡോ പറഞ്ഞു. വണ്‍ ഫുട്‌ബോളിലൂടെ സംസാരിക്കുകയായിരുന്നു ബ്രസീലിയന്‍ ഇതിഹാസം.
‘എന്റേത് പോലെത്തന്നെ നെയ്മറും ബാഴ്സയുമായുള്ള അവസാന സമയങ്ങള്‍ വളരെ മോശമായിരുന്നു. ബ്രസീലിയന്‍ താരങ്ങളുമായി ബാഴ്സലോണയ്ക്ക് എല്ലായ്പ്പോഴും പ്രശ്നങ്ങളുണ്ട്. നെയ്മര്‍, റൊമാരിയോ, റൊണാള്‍ഡീഞ്ഞോ പിന്നെ ഞാനും. ഞങ്ങള്‍ ടീമിനായി എല്ലാ സംഭാവനകളും നല്‍കിയിട്ടും അവസാനം ബാഴ്സ ഞങ്ങളോട് മോശമായി പെരുമാറി,’ ബ്രസീലിയന്‍ ഇതിഹാസം. പറഞ്ഞു.
ബാഴ്സലോണക്ക് വേണ്ടി ഒരു സീസണില്‍ മാത്രമേ റൊണാള്‍ഡോ കളിച്ചിട്ടുള്ളൂ. 1996-97 സീസണിലായിരുന്നു മുന്‍ ബ്രസീലിയന്‍ താരം സ്പാനിഷ് ക്ലബിനൊപ്പം പന്തുതട്ടിയത്. ഒറ്റ സീസണില്‍ തന്നെ 47 ഗോളുകളൂം റൊണാള്‍ഡോ അടിച്ചുകൂട്ടിയിരുന്നു.
പിന്നീട് ബാഴ്സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനായും ഇറ്റാലിയന്‍ ക്ലബ്ബുകളായ എ.സി മിലാന്‍, ഇന്റര്‍ മിലാന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചു. യൂറോപ്പിലെ ഈ വമ്പന്‍ ക്ലബ്ബുകള്‍ക്കായി 354 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ 294 ഗോളുകളാണ് നേടിയത്.
രാജ്യാന്തരതലത്തില്‍ ബ്രസീലിനൊപ്പവും മികച്ച പ്രകടനം നടത്താന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. ബ്രസീലിനൊപ്പം രണ്ട് ലോകകപ്പ് രണ്ട് കോപ്പ അമേരിക്ക എന്നീ കിരീട നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ നസാരിയോക്ക് സാധിച്ചിട്ടുണ്ട്. ബ്രസീലിനായി 98 മത്സരങ്ങളില്‍ നിന്നും 62 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
Content Highlight: Ronaldo Nazario on Barcelona’s approach to Brazilian Players