| Monday, 12th August 2024, 11:03 pm

റൊണാള്‍ഡോയില്ല, 'ഒരുപാട് താരങ്ങളെ ഒഴിവാക്കേണ്ടി വന്നു, പക്ഷേ ഇതാണ് എന്റെ ഡ്രീം ടീം: റൊണാള്‍ഡോ നസാരിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരിക്കലും പകരം വെക്കാന്‍ സാധിക്കാത്ത പേരാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടേത്. കളിക്കളത്തില്‍ മിന്നല്‍ പിണര്‍ പോലെ കുതിച്ച് പാഞ്ഞ് തങ്ങളുടെ വലകുലുക്കുന്ന പ്രൈം റൊണാള്‍ഡോ എന്നും എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു.

സ്‌പെയ്‌നിലും ഇറ്റലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ. സ്‌പെയ്‌നില്‍ ബാഴ്‌സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്. അത്യപൂര്‍വമായ കരിയര്‍! ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ താരം രണ്ട് ലാലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീസിന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം, ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം. ഇതിന് പുറമെ മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി.

തന്റെ സ്വപ്‌ന ടീമിനെ കുറിച്ച് പറയുകയാണ് റൊണാള്‍ഡോ. ഏഴ് വര്‍ഷം മുമ്പ് ഇംഗ്ലണ്ട് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഡ്രീം ടീമിനെ കുറിച്ച് സംസാരിച്ചത്.

4-4-2 ഫോര്‍മേഷനിലാണ് ആര്‍-9 തന്റെ ടീമൊരുക്കിയിരിക്കുന്നത്.

ഗോള്‍ കീപ്പറായി ഇതിഹാസ താരം ജിയാന്‍ലൂജി ബഫണിനെയാണ് റൊണാള്‍ഡോ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രതിരോധ നിരയില്‍ മാല്‍ഡീനിയുടെയും ഫാബിയോ കന്നവാരോയുടെയും പേര് പറഞ്ഞ താരം ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് സ്ഥാനങ്ങളിലേക്ക് ബ്രസീലിയന്‍ ഇതിഹാസങ്ങളായ കഫുവിനെയും റൊബെര്‍ട്ടോ കാര്‍ലോസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

മധ്യനിരയിലും ഇതിഹാസങ്ങളുടെ ഒരു നിരയെ തന്നെയാണ് റൊണാള്‍ഡോ വിന്യസിച്ചിരിക്കുന്നത്. ഡിഗോ മറഡോണ, സിനദിന്‍ സിദാന്‍ , ആേ്രന്ദ പിര്‍ലോ, ലയണല്‍ മെസി എന്നിവരാണ് മധ്യനിരയില്‍ കളി നിയന്ത്രിക്കുക.

മുന്നേറ്റ നിരയില്‍ പെലെയ്‌ക്കൊപ്പം തന്നെയും താരം സ്വയം തെരഞ്ഞെടുത്തു.

ഒരുപാട് താരങ്ങളുടെ പേര് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ഇതാണ് തന്റെ ഡ്രീം ടീം എന്നും പറഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ വാക്കുകള്‍ അവസാനിപ്പിച്ചത്.

റൊണാള്‍ഡോയുടെ ഡ്രീം ടീം

ഗോള്‍ കീപ്പര്‍: ജിയാന്‍ലൂജി ബഫണ്‍

പ്രതിരോധനിര: കഫു, പൗലോ മാല്‍ഡീനി, ഫാബിയോ കന്നവാരോ, റോബെര്‍ട്ടോ കാര്‍ലോസ്.

മധ്യനിര: ഡിഗോ മറഡോണ, സിനദിന്‍ സിദാന്‍, ആന്ദ്രേ പിര്‍ലോ, ലയണല്‍ മെസി.

മുന്നേറ്റനിര: പെലെ, റൊണാള്‍ഡോ നസാരിയോ.

Content highlight: Ronaldo Nazario about his dream team

We use cookies to give you the best possible experience. Learn more