റൊണാൾഡോയോ? മെസിയോ? ആരാണ്
Football
റൊണാൾഡോയോ? മെസിയോ? ആരാണ് "GOAT"? കണക്കുകൾ ഉത്തരം പറയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th December 2022, 4:52 pm

ഫുട്ബോൾ പ്രേമികളെ എപ്പോഴും കുഴയ്ക്കുന്ന, വീറോടെയുള്ള സംവാദത്തിന് അവരെ പ്രേരിപ്പിക്കുന്ന, ഉച്ചത്തിലുള്ള ഫാൻ ഫൈറ്റുകൾക്ക് കാരണമാകുന്ന ഒരു ചോദ്യമുണ്ട്.

മെസിയോ? റൊണാൾഡോയോ? ആരാണ് മികച്ചവൻ? ആരാണ് GOAT?(Greatest Of All Time).
മുമ്പ് പെലെയോ, മറഡോണയോ എന്നുള്ള ചോദ്യത്തിന്റെ ഒരു തുടർച്ചയായി ഇതിനെ വേണമെങ്കിൽ കണക്കാക്കാം.

വ്യത്യസ്തമായ കളി ശൈലികൊണ്ടും, മൈതാനത്തെ പ്രകടനം കൊണ്ടും, ലോകമെങ്ങും ആരാധകരെ വാരിക്കൂട്ടിയ ഇരുവരെയും താരതമ്യം ചെയ്യുക എന്നത് അസംഭവ്യമായ കാര്യം തന്നെയാണ്. എന്നാലും കളിക്കളത്തിലെ ഇരു താരങ്ങളുടെയും പ്രകടനങ്ങളെ കണക്കുകളുടെ അടിസ്ഥാനത്തിൽ നമുക്കൊന്ന് പരിശോധിക്കാം.

2003ൽ 16വയസ്സ് പ്രായമുള്ളപ്പോൾ പോർട്ടോക്കെതിരെയാണ് ബാഴ്സക്കായി മെസി തന്റെ അരങ്ങേറ്റമത്സരം കളിച്ചത്. റൊണാൾഡോ 2002ൽ പതിനെട്ടാം വയസ്സിൽ സ്പോർട്ടിങ് ലിസ്ബണിലൂടെ മുഖ്യധാരാ ഫുട്ബോളിലേക്കെത്തി.

ക്ലബ്ബ് ഫുട്ബോൾ കരിയറിൽ നിന്നും ഇതുവരെ 701 ഗോളുകൾ റോണോ സ്വന്തമാക്കിയപ്പോൾ, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാൾഡോ തന്റെ 700ാം ഗോൾ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളിൽ 700 ഗോൾ തികയ്ക്കുന്ന ആദ്യ ഫുട്ബോൾ താരമായി റൊണാൾഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോൾ ഗോൾ കണക്കിൽ മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോ. പക്ഷെ റൊണാൾഡോ കളി ആരംഭിച്ച് രണ്ട് സീസണുകൾ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളിൽ സജീവമായത്.

2011-2012 സീസണിൽ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയർന്ന ഗോൾ നേട്ടം. 2014-2015 സീസണിൽ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയർന്ന ഗോൾ നേട്ടം.

എന്നാൽ അസിസ്റ്റുകളുടെ കണക്കിൽ മെസി റൊണാൾഡൊയെക്കാൾ ഏറെ മുന്നിലാണ്. സഹതാരങ്ങൾക്ക് ക്ലബ്ബ് ഫുട്ബോളിൽ മൊത്തം 296 തവണ മെസി ഗോളടിക്കാൻ അവസരമൊരുക്കിയപ്പോൾ, 201 തവണയാണ് റൊണാൾഡോയുടെ അസിസ്റ്റുകളിൽ നിന്ന് സഹതാരങ്ങൾ ഗോളുകൾ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂർണമെന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യൻസ് ലീഗിലെ ഗോളടിക്കണക്കിൽ റൊണാൾഡോ മെസിയെക്കാൾ മുന്നിലാണ്. 183 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും റോണോ 140 ഗോളടിച്ചപ്പോൾ, 161 മത്സരങ്ങളിൽ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാൽ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മെസിക്ക് റോണോയേക്കാൾ മുൻ‌തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ സ്വന്തമാക്കിയപ്പോൾ. 25 മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത താരവും മെസിയാണ്.

പക്ഷെ തുടർച്ചയായ അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോഡ്‌ റോണോയുടെ പേരിലാണ്. എന്നാൽ മെസി തുടർച്ചയായ അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ അസിസ്റ്റ് നൽകിയ ആദ്യ താരമാണ്.

ഇരുവരുടെയും ദേശീയ ടീമുകൾ കരസ്ഥമാക്കിയ ടൈറ്റിലുകളുടെ എണ്ണം പരിശോധിച്ചാൽ മെസിക്കാണ് മുൻ‌തൂക്കം. മൊത്തം 28 ടൈറ്റിലുകൾ മെസി നേടിയപ്പോൾ, റോണോക്കുള്ളത് 22 ടൈറ്റിലുകളാണ്..

റോണോ ഒരു യൂറോകപ്പ്‌ നേടിയപ്പോൾ, ഒരു കോപ്പ അമേരിക്കയാണ് മെസിയുടെ സമ്പാദ്യം. കൂടാതെ ഒരു നേഷൻസ് ലീഗ് റോണോ വിജയിച്ചപ്പോൾ ഒരു ഫൈനലിസിമ കിരീടം മെസിയും കരസ്ഥമാക്കി. മെസിക്ക് ഖത്തർ ലോകകപ്പിൽ നിന്നും ലോക കിരീടം സ്വന്തമാക്കാനായപ്പോൾ റൊണാൾഡോക്ക് നിലവിൽ ലോക കിരീടങ്ങളൊന്നും കയ്യിലില്ല

മെസിയുടെ പേരിൽ ഒരു ഒളിമ്പിക്സ് സ്വർണമുണ്ട്. കൂടാതെ വിവിധ ലീഗുകളിൽ നിന്ന് 11 ലീഗ് ടൈറ്റിൽ മെസി നേടിയപ്പോൾ, ഏഴെണ്ണം റോണോ കരസ്ഥമാക്കി.

എന്നാൽ ചാമ്പ്യൻസ് ലീഗ് ട്രോഫികണക്കിൽ റൊണാൾഡോയാണ് മുന്നിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് റോണോ നേടിയപ്പോൾ, മെസിക്ക് നേടാൻ കഴിഞ്ഞത് നാലെണ്ണമാണ്.

ക്ലബ്ബ്‌ ലോകകപ്പുകൾ മെസി മെസി മൂന്നെണ്ണം നേടിയപ്പോൾ റോണോ നാലെണ്ണം സ്വന്തമാക്കി.

ബാലൻ ഡി ഓർ കണക്കിൽ മെസിയാണ് മുന്നിൽ മെസിക്ക് ഏഴ് ബാലൻ ഡി ഓർ ട്രോഫി സ്വന്തമായുള്ളപ്പോൾ റോണോ നേടിയത് അഞ്ചെണ്ണമാണ്.

കൂടാതെ ഒരു ലോകകപ്പ് ഗോൾഡൻ ബോൾ പുരസ്കാരവും മെസി സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ ട്രോഫികളുടെ എണ്ണമോ അടിച്ച ഗോളുകളുടെ എണ്ണമോ കൊണ്ട് ഇരു താരങ്ങളുടെയും മികവോ, പ്രതിഭയോ അളക്കുക എന്നത് ആസാധ്യമായ കാര്യമാണ്. സ്വന്തം കളി ശൈലിയും, മൈതാനത്തെ പ്രകടന മികവും കൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച കളിക്കാരാണ് ഇരുവരും.

Content Highlights:Ronaldo? Messi Who is the “GOAT” The numbers tell the answer