| Wednesday, 6th July 2022, 4:34 pm

കേരളാ മോഡല്‍ സെവന്‍സ് കളിക്കാന്‍ റോണോയും മെസിയും നെയ്മറും; ഫിഫ പങ്കുവെച്ച വീഡിയോയില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം

സ്പോര്‍ട്സ് ഡെസ്‌ക്

കേരളത്തിലെ ‘സെവന്‍സ്’ ഫുട്ബോളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫിഫ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടീമുകളെ തരംതിരിച്ചിരിക്കുകയാണ്.

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ എട്ട് ‘സെവന്‍സ്’ ടീമുകളെ തെരഞ്ഞെടുത്ത് ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ലോക ഫുട്‌ബോളിലെ മഹാരഥന്മാര്‍ കേരളത്തിന്റെ സ്വന്തം സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ആരാധകര്‍ ആവേശകൊടുമുടിയിലെത്തും.

ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള ടീം ബ്രൂണോ ഫെര്‍ണാണ്ടസിനെതിരെയും റൊണാള്‍ഡോയുടെ ടീം കാസെമിറോയുടെ ടീമിനെതിരെയും നെയ്മറുടെ ടീം എംബാപ്പെയ്ക്കെതിരെയുമാണ് വോട്ടിങ്ങില്‍ മത്സരിച്ചത്. ഫിഫ പ്ലസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മൈതാനം’ എന്ന ഡോക്യുമെന്ററിയുടെ മുന്നോടിയായാണ് ഫിഫ വോട്ടെടുപ്പ് നടത്തുന്നത്. കേരളീയരുടെ ഫുട്‌ബോളിനോടുള്ള അഭിനിവേശം, കളിയോടുള്ള ഇഷ്ടം, സംസ്ഥാനത്തെ താരങ്ങള്‍, പ്രശസ്തമായ മലപ്പുറത്തെ ‘സെവന്‍സ്’ എന്നിവയെക്കുറിച്ച് ഡോക്യുമെന്ററി സംസാരിക്കുന്നുണ്ട്.

ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കോമനോവിച്ച്, സ്റ്റാര്‍ പ്ലെയര്‍ സഹല്‍ അബ്ദുള്‍ സമദ്, കൂടാതെ കേരള ഫുട്ബോളിലെ പ്രശസ്തരായ ഒരുപാട് പേരുകള്‍ മലയാളികളുടെ കായികവിനോദത്തെക്കുറിച്ച് സംസാരിക്കുന്ന ഡോക്യുമെന്ററിയിലുണ്ട്.

”ഇത് നിരവധി യുവ കളിക്കാരെ വികസിപ്പിക്കുന്നു. സെവന്‍-എ-സൈഡ് ഒരു മികച്ച ഗെയിമാണ്. ഇത് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മികച്ച കളിക്കാരെ സൃഷ്ടിക്കുന്ന തരത്തിലുള്ള ഫുട്‌ബോള്‍ ആണ്,’ സെവന്‍സിനെക്കുറിച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

ട്വിറ്റര്‍ വോട്ടെടുപ്പില്‍ നാലായിരത്തിലധികം വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു.

‘റൈസ് വേള്‍ഡ് വൈഡ്’ നിര്‍മിച്ച വീഡിയോയില്‍, രസകരമായ ചില കഥകളിലൂടെ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ അഭിനിവേശത്തെ അടയാളപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി കൊച്ചിയില്‍ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ താരങ്ങളെ പരിശീലിപ്പിക്കുന്ന റൂഫസ് ഡിസൂസയെ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. കേരള ഫുട്ബോളിന്റെ നഴ്സറിയായി മാറിയ തിരുവനന്തപുരത്തിനടുത്തുള്ള മത്സ്യബന്ധന ഗ്രാമമായ പൊഴിയൂരിനെ ഡോക്യൂമെന്ററിയില്‍ പരിചയപ്പെടാന്‍ സാധിക്കും. ഗോകുലം കേരളയുടെ വനിതാ ടീമിനെക്കുറിച്ചും മലപ്പുറത്ത് കളിക്കുന്ന സെവന്‍സ് എന്ന തനത് ഫുട്‌ബോള്‍ ബ്രാന്‍ഡിനെക്കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്.

Content Highlights: Ronaldo Messi and Neymar to play Sevens football

We use cookies to give you the best possible experience. Learn more