| Saturday, 16th June 2018, 1:32 pm

അയാള്‍ അടുത്ത ലോകകപ്പിലും ഇതുപോലെ ഗോളടിക്കും; റൊണാള്‍ഡോയുടെ വിരമിക്കല്‍ വാര്‍ത്തയെ നിഷേധിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

റഷ്യന്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരം തന്നെ ഹാട്രിക്കോടെ തുടങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രകീര്‍ത്തിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. അയാളെക്കുറിച്ച് ഇനിയും എന്തിനാണ് ഞാന്‍ പറയുന്നത് എന്നായിരുന്നു സാന്റോസിന്റെ പ്രതികരണം.

” ലോകത്തിലെ മികച്ച കളിക്കാരനാണ് അദ്ദേഹം. ഇത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. റൊണാള്‍ഡോ പോര്‍ച്ചുഗലിലുള്ളത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഖത്തര്‍ ലോകകപ്പിലും അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി സ്‌കോര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.”

ശാരീരികക്ഷമതയേക്കാള്‍ അദ്ദേഹത്തിന്റെ മാനസികോര്‍ജ്ജമാണ് പ്രധാനമെന്നും സാന്റോസ് കൂട്ടിച്ചേര്‍ത്തു.

സ്‌പെയിനിനെതിരെ മനോഹരമായ മൂന്ന് ഗോളുകളാണ് റോണോ ഇന്നലെ നേടിയത്. ലോകകപ്പിന്റെ റഷ്യന്‍ പതിപ്പിലെ ആദ്യ ഹാട്രിക്കിനും റോണോ ഇന്നലെ ഉടമയായി.

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിന് സൂപ്പര്‍ സമനിലയായിരുന്നു ഫലം.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോളിലൂടെ പോര്‍ച്ചുഗല്‍ ആധിപത്യം നേടി. എന്നാല്‍ 23ാം മിനിറ്റില്‍ മൂന്ന് പ്രതിരോധഭടന്മാരെ കബളിപ്പിച്ച് കോസ്റ്റ സ്‌പെയിനിന് സമനില ഗോള്‍ നേടിക്കൊടുത്തു.

പക്ഷേ കളിയുടെ 44ാം മിനിറ്റില്‍ സ്പെയിനിനെ ഞെട്ടിച്ച് കൊണ്ട് റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടി. ഗോണ്‍സാലോ ഗ്വിഡെസിന്റെ പാസില്‍ റൊണാള്‍ഡോയുടെ കിടിലന്‍ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഗിയയുടെ കൈകളില്‍ത്തട്ടി കൊണ്ട് ഗോളാവുകയായിരുന്നു.

എന്നാല്‍ കളിയുടെ ആദ്യപകുതിയിലെ റോണാള്‍ഡോയുടെ രണ്ട് ഗോളുകള്‍ക്ക് മറുപടിയുമായി രണ്ടാം പകുതിയില്‍ സ്പെയിന്‍ രണ്ടിനെതിരെ മൂന്ന് ഗോളുകളുമായി മുന്നിലെത്തി.

55ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളിന് കോസ്റ്റയും മുമ്പ് നല്‍കിയ പെനാല്‍റ്റി അവസരത്തിന് പ്രായശ്ചിത്തമായി നാച്ചോയുമാണ്് ഗോള്‍ നേടിയത്.

എന്നാല്‍ 88ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അവസരം റൊണാള്‍ഡോ പാഴാക്കിയില്ല. ഈ കളിയോടെ അന്താരാഷട്ര കരിയറില്‍ 85 ഗോളുകള്‍ റൊണാള്‍ഡോ സ്വന്തം അക്കൗണ്ടിലാക്കി.

We use cookies to give you the best possible experience. Learn more