ബാഴ്സലോണ എഫ്.സിയില്‍ ഇടക്കാലത്ത് പരിശീലിപ്പിച്ചയാളാണ് റൊണാള്‍ഡോ കൂമാന്‍. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയുടെ തുടര്‍ തോല്‍വിക്ക് പിന്നാലെ അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താവുകയായിരുന്നു. ലയണല്‍ മെസി ബാഴ്സ വിട്ടതാണ് കൂമാന് തിരിച്ചടിയായതെന്നും തുടര്‍ന്നാണ് അദ്ദേഹത്തിന് ക്ലബ് വിടേണ്ടി വന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
മെസിയെ കുറിച്ചും നിലവില്‍ എഫ്.സി ബാഴ്സലോണയുടെ സൂപ്പര്‍താരമായ പെഡ്രിയെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. പെഡ്രിയുടെ കഴിവുകള്‍ കണ്ടെത്തി താരത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയതിന് പിന്നില്‍ മെസിയാണെന്നാണ് കൂമാന്‍ പറഞ്ഞത്.
‘മെസി വളരെ വിനയാന്വിതനായ താരമായിരുന്നു. അവന്‍ പെഡ്രിയുടെ കഴിവുകള്‍ പെട്ടെന്ന് തന്നെ തരിച്ചറിയുകയും മത്സരങ്ങളില്‍ മുന്നേറാന്‍ അവനെ സഹായിക്കുകയും ചെയ്തിരുന്നു. മെസിയാണ് പെഡ്രിയുടെ സ്‌കില്ലുകള്‍ തുടക്കത്തിലേ കണ്ടെത്തി താരത്തെ ഈ നിലയില്‍ എത്തിച്ചത്,’ കൂമാന്‍ പറഞ്ഞു.
ബാഴ്സലോണയുടെ നിലവിലെ മുന്നേറ്റത്തെ കുറിച്ചും പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിനെയും കുറിച്ചും അദ്ദേഹം പ്രശംസിച്ചു.
സ്പാനിഷ് ലീഗില്‍ റയല്‍ വയ്യക്കാനയോട് തോറ്റതിന് പിന്നാലെയാണ് ക്ലബ്ബ് കൂമാനെ പുറത്താക്കിയത്. മെസി ബാഴ്സ വിട്ടതിന് ശേഷം ക്ലബ്ബിന്റെ പ്രകടനം താഴേക്ക് പോവുകയായിരുന്നു. അതേസമയം മെസി ബാഴ്സ വിടാന്‍ കൂമാനും കാരണമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിരവധി റെക്കോര്‍ഡുകളാണ് മെസി ബാഴ്സക്ക് വേണ്ടി നേടിയിരുന്നത്. മെസിയുടെ വിടവാങ്ങലിന് ശേഷം തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ ക്ലബ്ബിന് സാധിച്ചിരുന്നില്ല.