തന്റെ മുപ്പത്തിയേഴാം വയസിലും കായിക ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് സാക്ഷാൽ റൊണാൾഡോ. ഫോംഔട്ടായെന്ന് വിമർശനങ്ങൾ ഉയരുമ്പോഴും നല്ല കാലം കഴിഞ്ഞെന്ന് അഭിപ്രായങ്ങൾ ഉയരുമ്പോഴും നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് റൊണാൾഡോ.
പ്രതിവർഷം ഏകദേശം 225മില്യൺ യൂറോ പ്രതിഫലം വാങ്ങിയാണ് താരം ഇപ്പോൾ സൗദിയിൽ കളിക്കുന്നത്.
ഇപ്പോൾ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ “ഹൈ പ്രസ്റ്റീജ് സ്പോർട്സ് മെരിറ്റ്സ് അവാർഡിന് അർഹനായിരിക്കുകയാണ് റൊണാൾഡോയിപ്പോൾ.
2022ൽ പോർച്ചുഗലിൽ കായിക മേഖലക്ക് മികച്ച സംഭാവന നൽകിയ താരങ്ങൾക്ക് ലഭിക്കുന്ന അവാർഡാണ് സാക്ഷാൽ റൊണാൾഡോക്ക് ലഭിച്ചത്.
പക്ഷെ നിലവിൽ സൗദിയിൽ കളിക്കുന്ന താരത്തിന് അവാർഡ് വാങ്ങാൻ എത്താൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കാൾ മുഖേന റൊണാൾഡോ പുരസ്കാര വേദിയിൽ നന്ദി പ്രസംഗം നടത്തിയിരുന്നു.
അഞ്ച് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ റോണോക്ക് 2021-22 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ്പ് സ്കോററായിരുന്നു. 38 മത്സരങ്ങളിൽ നിന്നും 24 ഗോളുകളാണ് താരം ആ സീസണിൽ സ്വന്തമാക്കിയിരുന്നത്.
പക്ഷെ പുതിയ സീസണിൽ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിന് കീഴിൽ ഒത്തു പോകാൻ സാധിക്കാതിരുന്നതോടെ താരം ക്ലബ്ബ് വിടുകയായിരുന്നു.
ക്ലബ്ബിലെന്നപോലെ ലോകകപ്പിലും താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല.
അൽ നസറിൽ രണ്ട് മത്സരം കളിക്കാൻ സാധിച്ചെങ്കിലും താരത്തിന് ഇത് വരെ ഗോളുകളോ അസിസ്റ്റുകളോ നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ പി.എസ്.ജിക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ റോണോക്ക് സാധിച്ചിരുന്നു.
മത്സരത്തിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ മാൻ ഓഫ് ദി മ്യാച്ച് പുരസ്കാരവും റൊണാൾഡോക്ക് ലഭിച്ചിരുന്നു.
അതേസമയം വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:30ന് അൽ ഫത്തഹിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.