ലോക ഫുട്ബോളിലെ സമീപകാലത്തെ രണ്ട് ഇതിഹാസ താരങ്ങളാണ് മെസിയും റൊണാൾഡോയും. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇരുവരും തമ്മിൽ ലോകത്തിലെ മികച്ച താരം ആരാണെന്ന് തെളിയിക്കുന്നതിനുള്ള മത്സരത്തിലാണ്.
എന്നാൽ മെസി ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെയും റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയതോടെയും മികച്ച താരത്തിനായുള്ള മത്സരത്തിൽ മെസി റൊണാൾഡോയെ തോൽപ്പിച്ചു എന്ന് ഒരു വിഭാഗം മെസി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വാദിച്ചിരുന്നു. ഇതിന് മറുപടിയായി റൊണാൾഡോ ആരാധകരും രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോൾ മെസിയും റൊണാൾഡോയും ഒരിക്കൽ കൂടി മുഖാമുഖം വരാൻ സാധ്യതയുള്ള മത്സരത്തിൽ റൊണാൾഡോയാകും മെസിക്കെതിരെയുള്ള സൗദി ഓൾ സ്റ്റാർ ടീമിനെ നയിക്കുക എന്ന അഭ്യൂഹങ്ങൾ ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഓഫ് എന്റർടൈൻമെന്റ് ആയ തുർക്കി-അൽ-ഷെയ്ഖാണ് ട്വിറ്റർ വീഡിയോയിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.
അൽ നസർ, അൽ ഹിലാൽ എന്നീ ക്ലബ്ബുകളിലെ താരങ്ങളെ ഉൾപ്പെടുത്തിയുള്ള സംയുക്ത ടീമായ സൗദി ഓൾ സ്റ്റാർസിനെയാണ് റോണോ നയിക്കുക.
ജനുവരി 19ന് റിയാദിലെ കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
റൊണാൾഡോ മത്സരത്തിൽ കളിക്കുമെന്നും മെസിയെ നേരിടുമെന്നും നേരത്തെ അൽ നസർ പരിശീലകനായ റൂഡി ഗാർസ്യ അറിയിച്ചിരുന്നു.
ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ നിലവിൽ 19 മത്സരങ്ങളിൽ നിന്നും 47 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് പി. എസ്. ജി.
സൗദി പ്രോ ലീഗിൽ നിലവിൽ 13 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അൽ നസർ. 14 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി അൽ ഹിലാൽ പോയിന്റ് ടേബിളിൽ അൽ നസറിന്റെ തൊട്ട് പിന്നിലുണ്ട്.
അൽ നസറിൽ സൈൻ ചെയ്തെങ്കിലും റൊണാൾഡോ ഇതുവരേക്കും ക്ലബ്ബിനായി മത്സരിക്കാനിറങ്ങിയിട്ടില്ല. പി.എസ്.ജിക്ക് വേണ്ടിയാകും റൊണാൾഡോ സൗദിയിൽ തന്റെ അരങ്ങേറ്റ മത്സരം കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:Ronaldo is the captain of Saudi All Stars XI against Messi; Saudi officials have confirmed the news