ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബ് അൽ നസർ സ്വന്തമാക്കിയത്.
ഏകദേശം 225 മില്യൺ യൂറോ നൽകിയാണ് റോണോയെ അൽ നസർ അവരുടെ തട്ടകത്തിലെത്തിച്ചത്. 2025 വരെ ക്ലബ്ബിൽ കരാറുള്ള റൊണാൾഡോക്ക് പ്ലെയർ എന്ന നിലയിൽ വിരമിച്ചതിന് ശേഷം വേണമെങ്കിൽ പരിശീലകൻ എന്ന നിലയിൽ തുടരാം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ റൊണാൾഡോയുടെ സൗദി പ്രവേശനത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ റൊണാൾഡോയുടെ സൗദി പ്രവേശനത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് ക്ലബ്ബായ വലൻസിയയുടെ പരിശീലകൻ ഗുന്നാരോ ഗട്ടുസോ.
റൊണാൾഡോ പ്രോ ലീഗിൽ കളിക്കുന്നത് റോണോക്കും ലീഗിനും നല്ലതാണെന്നാണ് ഗട്ടുസോയുടെ അഭിപ്രായം.
“റൊണാൾഡോ സൗദിയിലേക്ക് എത്തിയത് അവരുടെ ഭാഗ്യമാണ്. ഇത് ആ ലീഗിന് വലിയ ഉപകാരമുണ്ടാക്കും. പുതിയ ക്ലബ്ബിൽ വിജയം വരിക്കാൻ റൊണാൾഡോക്ക് സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു,’ ഗുന്നാരോ ഗട്ടുസോ പറഞ്ഞു.
“കഴിഞ്ഞ ഏഴോ,എട്ടോ വർഷത്തെ ഫുട്ബോൾ ചരിത്രം പരിശോധിച്ചാൽ മികച്ച താരമാണ് റൊണാൾഡോ എന്ന് നിസ്സംശയം പറയാൻ സാധിക്കും.
ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കാണുമ്പോൾ അദ്ദേഹം കരിയറിന്റെ ഉന്നതിയിലായിരുന്നു. എന്നാലിപ്പോൾ കുറച്ച് നാളായി അദ്ദേഹം മികച്ച ഫോമിലല്ല കളിക്കുന്നത്. പക്ഷെ ഇപ്പോൾ അദ്ദേഹം ശരിയായ പാതയിലാണ്. റൊണാൾഡോയുടെ അറ്റാക്കിങ്ങിന്റെ മൂർച്ച നമുക്ക് വീണ്ടും കാണാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
“കളിയുടെ നിർണായക നിമിഷങ്ങളിൽ ഗോൾ നേടാൻ മിടുക്കനാണ് റോണോ. കഴിഞ്ഞ ഏഴോ, എട്ടോ വർഷങ്ങൾ കൊണ്ട് അദ്ദേഹം മികച്ച അറ്റാക്കിങ് ഫുട്ബോളർ ആയി മാറിയിട്ടുണ്ട്. അദ്ദേഹത്തിന് പ്രായമായിട്ടുണ്ട് പക്ഷെ സ്പ്രിന്റ് ചെയ്യുന്നതിലോ, പന്തുമായി മുന്നേറുന്നതിലോ പ്രായം റൊണാൾഡോക്കൊരു തടസമല്ല,’ ഗുന്നാരോ ഗട്ടുസോ പറഞ്ഞു.
മുമ്പ് എ.സി മിലാൻ, യുവന്റസ് മുതലായ വമ്പൻ ഇറ്റാലിയൻ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള മാനേജരാണ് ഗുന്നാരോ ഗട്ടുസോ.
അതേസമയം ജനുവരി 19ന് അൽ നസർ-പി.എസ്.ജി മത്സരം നടക്കുന്നുണ്ട് എന്ന വാർത്ത ഗോൾ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അങ്ങനെയെങ്കിൽ മെസി, റൊണാൾഡോ പോരാട്ടം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമാകെയുള്ള ഫുട്ബോൾ ആരാധകർ.
Content Highlights:Ronaldo is the best player; Saudi League is very lucky to be playing rono; said valancia coach