റൊണാൾഡോ ഇപ്പോഴും ടോപ്പ് പ്ലെയറാണ്, ചതിച്ചത് യൂറോപ്പ്; രൂക്ഷ വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം
football news
റൊണാൾഡോ ഇപ്പോഴും ടോപ്പ് പ്ലെയറാണ്, ചതിച്ചത് യൂറോപ്പ്; രൂക്ഷ വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st December 2022, 3:27 pm

ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയിരിക്കുകയാണ്.

പ്രതിവർഷം 200 മില്യൺ യൂറോക്കാണ് താരത്തെ അൽനസർ ടീമിലെത്തിച്ചത്. 2025 വരെയാണ് താരവുമായി ക്ലബ്ബ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി റൊണാൾഡോ മാറി.


എന്നാലിപ്പോൾ താരത്തിന്റെ സൗദി അറേബ്യയിലേക്കുള്ള കൂടുമാറ്റത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും മുൻ ഇംഗ്ലീഷ് താരവുമായി ഗാരി നെവിൽ.

താരത്തിന് ഇപ്പോഴും യൂറോപ്പിൽ കളിക്കാനുള്ള മികവുണ്ടെന്നും എന്നാൽ യൂറോപ്പിലെ ക്ലബ്ബുകളാണ് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണവുമെന്നാണ് ഗാരി നെവിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

“അദ്ദേഹം യൂറോപ്പിൽ തന്നെ തുടരുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ യൂറോപ്യൻ ക്ലബ്ബുകളൊന്നും റൊണാൾഡോയെ സൈൻ ചെയ്യാൻ തയ്യാറായില്ല. എന്നെ സംബന്ധിച്ച് അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. കാരണം അദ്ദേഹം ഇപ്പോഴും മികച്ചവനാണ്,’ ഗാരി നെവിൽ പറഞ്ഞു.

കൂടാതെ യുണൈറ്റഡിനുള്ളിൽ റൊണാൾഡോ അനുഭവിച്ച സംഘർഷമാവാം അദ്ദേഹത്തെ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മോർഗനുമായി നടത്തിയ അഭിമുഖം വേണ്ടായിരുന്നു എന്ന് റൊണാൾഡോക്കിപ്പോൾ തോന്നുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

“റൊണാൾഡോക്കിപ്പോൾ അദ്ദേഹം ചെയ്തത് (ഇന്റർവ്യൂ) വേണ്ടായിരുന്നു എന്ന് തോന്നുണ്ടാവും. ഇനിയൊരു അവസരം ലഭിച്ചാൽ ഈ ഇന്റർവ്യൂ തീർച്ചയായും അദ്ദേഹം ഒഴിവാക്കും. ആ ഇന്റർവ്യൂ ആണ് അദ്ദേഹത്തിന്റെ യുണൈറ്റഡ് കരിയർ അവസാനിപ്പിച്ചത്,’ നെവിൽ കൂട്ടിച്ചേർത്തു.

അതേസമയം തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയായിരുന്നു.

 

Content Highlights:Ronaldo is still the top player, Europe cheated him; said Manchester United legend