സൗദി പ്രോ ലീഗിലേക്ക് തട്ടകം മാറ്റിയതോടെയും പ്രീമിയർ ലീഗിലും ദേശീയ ടീമിലും ദീർഘനാളായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തിരുന്നതോടെയും റൊണാൾഡോയുടെ കളി മികവ് നഷ്ടപ്പെട്ടു എന്ന തരത്തിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ പി.എസ്.ജിക്ക് വേണ്ടി റിയാദ് സ്റ്റാർസിനായി സൗദി മണ്ണിൽ മത്സരിക്കാനിറങ്ങിയതോടെ തന്റെ മേൽ ഉയർന്ന് വന്ന വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയ പ്രകടനമാണ് റൊണാൾഡോ പുറത്തെടുത്തത്.
മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കാനും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കാനും റൊണാൾഡോക്കായി.
ശേഷം ഇത്തിഫാഖിനെതിരെ അൽ നസറിനായി ഇറങ്ങിയ അരങ്ങേറ്റ മത്സരത്തിലും മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ച വെച്ചത്. ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത റോണോ, കാണികളുടെ കയ്യടികൾ ഏറ്റുവാങ്ങിയാണ് മൈതാനം വിട്ടത്.
എന്നാലിപ്പോൾ റൊണാൾഡോയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അൽ നസറിന് എതിരെ പരാജയപ്പെട്ട ഇത്തിഫാഖിന്റെ ബ്രസീലിയൻ ഗോൾ കീപ്പർ പൗലോ വിക്ടർ.
“എന്നെ സംബന്ധിച്ച് റൊണാൾഡോ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അദ്ദേഹത്തിന്റെ സൗദിയിലേക്കുള്ള പ്രവേശനം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മത്സരഫലം ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല എന്നത് സത്യമാണ്.
എന്നാലും റൊണാൾഡോക്കൊപ്പം കളിക്കാൻ കഴിഞ്ഞു എന്ന അഭിമാനത്തിൽ തല ഉയർത്തിപ്പിടിച്ചു തന്നെയാണ് ഞങ്ങൾ മൈതാനം വിട്ടത്,’പൗലോ വിക്ടർ പറഞ്ഞു.