സൗദി പ്രോ ലീഗിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് റൊണാൾഡോ. ജനുവരി ഒന്നിന് ക്ലബ്ബിലെ സൈനിങ് നടപടികൾ പൂർത്തിയാക്കിയെങ്കിലും ജനുവരി 22ന് ഇത്തിഫാഖിനെതിരെയുള്ള മത്സരത്തിലാണ് താരം ക്ലബ്ബ് ജേഴ്സിയണിഞ്ഞ് മൈതാനത്തിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ നസർ വിജയിച്ചിരുന്നു.
മത്സരത്തിലെ റൊണാൾഡോയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇത്തിഫാഖിന്റെ പ്രതിരോധ നിര താരം മാർസൽ ടിസറാന്റ് .
ലോകത്തെ മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോയെന്നും സൗദി ഫുട്ബോളിന്റെ ശൈലിയിലേക്ക് വേഗത്തിൽ ഇണങ്ങിച്ചേർന്ന താരം ഷാർപ്പായാണ് ഇപ്പോഴും മൈതാനത്ത് മത്സരിക്കുന്നതെന്നുമാണ് ടിസറാന്റ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
“റൊണാൾഡോക്ക് അദ്ദേഹത്തെ പറ്റി നന്നായി അറിയാം. പഴയ ഇരുപതുകാരന്റെ ശരീരമല്ല അദ്ദേഹത്തിനുള്ളത് എന്നത് സത്യമാണ്. അത് കൊണ്ട് തന്നെ അദ്ദേഹം മുമ്പ് എളുപ്പത്തിൽ ചെയ്തിരുന്ന അഞ്ച് പ്ലെയറെയൊക്കെ ഡ്രിബിൾ ചെയ്ത് മുന്നേറുന്ന കാര്യം ഇപ്പോൾ റോണോയോട് ആവശ്യപ്പെടാൻ നമുക്ക് കഴിയില്ല,’ ടിസറാന്റ് പറഞ്ഞു.
“ഇപ്പോൾ റൊണാൾഡോക്ക് വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് സഹതാരങ്ങളുടെ ചെറിയ സഹായം കൂടി ആവശ്യമുണ്ട്. തല കൊണ്ട് കൂടുതൽ ഗോൾ ശ്രമങ്ങൾ നടത്താനും ശരീര ഭാഷയിലും ടൈമിങിലും കൂടുതൽ ശ്രദ്ധ പുലർത്താനും റൊണാൾഡോക്കിപ്പോൾ സാധിക്കുന്നുണ്ട്. വളരെ ഷാർപ്പായി കളിക്കുന്ന പ്ലെയർ ആണ് അദ്ദേഹം,’ ടെസറാന്റ് കൂട്ടിച്ചേർത്തു.
അതേസമയം വ്യാഴാഴ്ച നടന്ന സൗദി സൂപ്പർ കപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ അൽ നസർ ചിരവൈരികളായ അൽ ഇത്തിഹാദിനെതിരെ പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. റൊണാൾഡോയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ അൽ നസറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇത്തിഹാദ് തോൽപ്പിച്ചത്.
റൊമാരീന്യോ, അബ്ദുൽ റസാക്ക് ഹംദില്ല, മുഹമ്മദ് അൽ ഷൻകീത്തി എന്നിവർ ഇത്തിഹാദിനായി ഗോൾ നേടിയപ്പോൾ അൽ നസറിന്റെ ആശ്വാസ ഗോൾ തലിസ്ക സ്വന്തമാക്കി.