'റൊണാള്‍ഡൊ പ്രീമിയര്‍ ലീഗില്‍ കാണും'; താരത്തെ സൂപ്പര്‍ക്ലബ്ബ് നോട്ടമിട്ടതായി റിപ്പോര്‍ട്ട്
Football
'റൊണാള്‍ഡൊ പ്രീമിയര്‍ ലീഗില്‍ കാണും'; താരത്തെ സൂപ്പര്‍ക്ലബ്ബ് നോട്ടമിട്ടതായി റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th July 2022, 11:13 pm

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.

അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ തുടരാന്‍ താരത്തിന്
താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ചിന്റെ കീഴില്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നു മാഞ്ചസ്റ്റര്‍. പക്ഷെ റോണോയുടെ മടക്കമോടെ യുണൈറ്റഡിന് വീണ്ടും ഒന്നില്‍ നിന്നും തുടങ്ങണം.

മാഞ്ചസ്റ്റര്‍ പുതിയ താരങ്ങളെയൊന്നും സൈന്‍ ചെയ്യാത്തതാണ് റോണോയെ ക്ലബ്ബ് വിട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ പ്രകാരം റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ചെല്‍സി ട്രാന്‍സ്ഫര്‍ നീക്കം പരിഗണിക്കുന്നുണ്ട്. ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്ക് ആണ് ഇക്കാര്യം പറയുന്നത്.

റൊണാള്‍ഡോയെ സ്വന്തമാക്കാനായി ആരും ഇതുവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമീപിച്ചിട്ടില്ലെങ്കിലും, താരത്തിനായി നീക്കം നടത്തുന്നത് ചെല്‍സിയുടെ പരിഗണനയില്‍ ഉള്ള കാര്യമാണെന്ന് ദി അത്‌ലറ്റിക്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചെല്‍സിയുടെ പുതിയ സഹ ഉടമയായ ടോഡ് ബോഹ്‌ലി, റൊണാള്‍ഡോയുടെ ഏജന്റായ ജോര്‍ജ് മെന്‍ഡസുമായി കഴിഞ്ഞ മാസം ഒരു മീറ്റിങ് നടത്തിയിരുന്നു. റൊണാള്‍ഡോ ചെല്‍സിയിലേക്ക് ചേക്കേറുന്നതും ആ മീറ്റിങ്ങിലെ ഒരു ചര്‍ച്ചാവിഷയമായിരുന്നു. ബോഹ്‌ലിയും മെന്‍ഡസും തമ്മിലുള്ള ചര്‍ച്ചകള്‍ അതിന് ശേഷം തുടര്‍ന്നതായും, റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നതില്‍ ബോഹ്‌ലിയും ചെല്‍സിയുടെ മറ്റൊരു ഡയറക്ടര്‍ ആയ ബെഹ്ദാദ് എഗ്ബാലിയും ആകൃഷ്ടരാണെന്നും ദി അത്‌ലറ്റിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റൊണ്‍ാള്‍ഡോ മാഞ്ചസ്റ്ററില്‍ നിന്നും പോകുമെന്ന് ഉറപ്പായ കാര്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒത്തിരി പ്രതീക്ഷകളുമായി യുണൈറ്റഡില്‍ തിരിച്ചെത്തിയ റോണോക്ക് പക്ഷെ നിരാശനായി തിരിച്ചുമടങ്ങനാണ് വിധി.

സ്വന്തം പ്രകടനത്തില്‍ താരം മികച്ചുനിന്നപ്പോള്‍ ടീമിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സീസണ്‍ അവസാനിച്ചപ്പോള്‍ ഒരു കിരീടം പോലും നേടാന്‍ യുണൈറ്റഡിനായില്ല.

Content Highlights: Ronaldo is moving to Chelsea from manchester united