അങ്ങനെ കീരിയും പാമ്പും ഒന്നിക്കുന്നു; റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ്
Football
അങ്ങനെ കീരിയും പാമ്പും ഒന്നിക്കുന്നു; റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th July 2022, 9:40 am

ഒരു ക്രിസ്റ്റിയാനോ ഫാനും ഒരിക്കലും മറക്കാത്ത മത്സരമാണ് യുവന്റസും അത്‌ലറ്റിക്കോ മാഡ്രിഡുും ഏറ്റുമുട്ടിയ മത്സരം. അന്ന് രണ്ടാം പാദ മത്സരത്തില്‍ റൊണാള്‍ഡൊ പുറത്തെടുത്ത പ്രകടനവും അതിന് ശേഷമുള്ള പ്രകടനവുമെല്ലാം ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്.

ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദത്തില്‍ 2-0 എന്ന നിലയില്‍ യുവന്റസിനെ അത്‌ലറ്റിക്കൊ തകര്‍ത്തിരുന്നു. മത്സരം വിജയിച്ച ശേഷം അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ മാനേജര്‍ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ ആഘോഷിച്ചു. ഇത് റോണോയെ ചൊടിപ്പിച്ചിരുന്നു.

എന്നാല്‍ രണ്ടാം പാദത്തില്‍ ഹാട്രിക്ക് അടിച്ചുകൊണ്ട് യുവന്റസിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു റോണോ. അതോടൊപ്പം മാനേജര്‍ സിമിയോണിയെ കളിയാക്കികൊണ്ട് അദ്ദേഹത്തിന്റെ ശൈലിയില്‍ തന്നെ റോണോയും ആഘോഷിച്ചു.

റയല്‍ മാഡ്രിഡില്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും, യുവന്റസില്‍ വെച്ചേറ്റുമുട്ടിയപ്പോഴുമെല്ലാം തമ്മില്‍ കീരിയും പാമ്പും പോലെയായിരുന്നു ഇരുവരും. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം റൊണാള്‍ഡോ അത്‌ലറ്റിക്കൊ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ്.

ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കണമെന്ന റോണോയുടെ വാശിയാണ് അദ്ദേഹത്തെ അത്‌ലറ്റിക്കൊയിലേക്ക് കൂടുമാറ്റാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ.എസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അത്‌ലെറ്റിക്കൊ പരിശീലകനായ ഡീഗോ സിമിയോണിക്ക് റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ട്. 37 വയസുള്ള പോര്‍ച്ചുഗല്‍ താരത്തെ നമ്പര്‍ വണ്‍ താരമായും തുടര്‍ച്ചയായ വിജയങ്ങള്‍ നേടുന്ന കളിക്കാരനായുമാണ് അര്‍ജന്റീനിയന്‍ പരിശീലകന്‍ കരുതുന്നത്.

2020-21 സീസണില്‍ ലാ ലീഗ കിരീടം സ്വന്തമാക്കിയ അത്‌ലറ്റിക്കൊ മാഡ്രിഡിനു പക്ഷെ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ലീഗില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ടീമിലെ പ്രധാന സ്ട്രൈക്കറായ ലൂയിസ് സുവാരസ് ക്ലബ് വിടുക കൂടി ചെയ്തതിനാല്‍ ഒരു മികച്ച ഗോള്‍വേട്ടക്കാരനെ അത്‌ലറ്റിക്കൊ മാഡ്രിഡിന് ആവശ്യവുമാണ്.

അതേസമയം റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ അത്‌ലറ്റിക്കൊ ചുരുങ്ങിയത് നാല്‍പത് മില്യണ്‍ യൂറോക്ക് നിലവില്‍ ടീമിലുള്ള താരങ്ങളെ വില്‍ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാന്‍ ഇനിയും സമയമുള്ളതിനാല്‍ അടുത്ത സീസണിലേക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ കഴിയുമെന്നു തന്നെയാണ് അത്‌ലറ്റിക്കൊ കരുതുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്ന റൊണാള്‍ഡോയെ ചെല്‍സി, ബയേണ്‍ മ്യൂണിക്ക് എന്നീ ക്ലബുകള്‍ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അവര്‍ രണ്ട് പേരും ട്രാന്‍സ്ഫറില്‍ നിന്നും പിന്മാറിയെന്ന് വ്യക്തമായിരുന്നു അതിനാല്‍ തന്നെ റൊണൊള്‍ഡൊ അത്‌ലറ്റിക്കൊ മാഡ്രിഡില്‍ എത്താനുള്ള സാധ്യത കൂടുതലാണ്.

Content  Highlights: Ronaldo is moving to Athletico Madrid as per reports