ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിന് ഖത്തറിന്റെ മണ്ണിൽ തിരശീല വീഴുമ്പോൾ ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന.
നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ അർജന്റൈൻ ഇതിഹാസം ലയണൽ മെസിക്ക് അദേഹത്തിന്റെ കരിയറിൽ പ്രധാനപെട്ട എല്ലാ ക്ലബ്ബ്, ഇന്റർനാഷണൽ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു.
ഇതോടെ കരിയർ സമ്പൂർണമായ മെസി ‘GOAT’ (Greatest Of All Time) ആണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ഫുട്ബോൾ വിദഗ്ധരുടെയും, ആരാധകരുടെയും, കളിക്കാരുടെയും ഭാഗത്ത് നിന്നും ഉയർന്ന് വന്നിരുന്നു.
കൂടാതെ മറ്റൊരു ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഇനി മെസിയെ താരതമ്യം ചെയ്യരുതെന്നും ആരാധകർ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേസമയം ഫിഫ ആരാണ് ഗോട്ട് എന്നുള്ള തർക്കം അവസാനിച്ചു എന്ന് ട്വീറ്റും ചെയ്തു.
ഇതിനെതിരെ റൊണാൾഡോയുടെ ആരാധകരും മറുപടിയുമായി രംഗത്ത് വരികയും, ഒടുവിൽ ആരാണ് ഗോട്ട് എന്നുള്ള തർക്കം അവസാനിച്ചു എന്നുള്ള മെസിയെ പരാമർശിച്ചു കൊണ്ടുള്ള ട്വീറ്റ് ഫിഫക്ക് പിൻവലിക്കേണ്ടിയും വന്നിരുന്നു.
അതേസമയം ഇപ്പോൾ മെസി മികച്ച കളിക്കാരനൊന്നുമല്ല എന്ന അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും ഫുട്ബോൾ വിദഗ്ധനുമായ അൽവാരോ മൊറാലസ്. മെസി എക്കാലത്തെയും മികച്ച കളിക്കാരാനാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നാണ് മൊറാലസ് വാദിക്കുന്നത്.
“ലയണൽ മെസിക്ക് ആകെ ഒരു ലോകകപ്പ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. എന്നിട്ടും ചിലർ പറയുന്നു അയാളാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന്. ശുദ്ധ അസംബന്ധം തന്നെയാണത്. ഇത് കേട്ട് പെലെ ചിരിക്കുന്നുണ്ടാകും. മൂന്ന് ലോകകപ്പുകളാണ് ആ മനുഷ്യൻ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇപ്പോഴും ഏറ്റവും മികച്ച കളിക്കാരൻ. അദ്ദേഹം ഒരു യൂറോകപ്പ് നേടിയിട്ടുണ്ട്. ലോകകപ്പിനെക്കാൾ എന്തുകൊണ്ടും മികച്ചതാണ് യൂറോകപ്പ്. അത് നേടുന്നതാണ് ലോകകപ്പ് നേടുന്നതിനെക്കാൾ പ്രയാസം,’ അൽവാരോ മൊറാലസ് പറഞ്ഞു.
1958, 1962, 1970 വർഷങ്ങളിലാണ് പെലെ ബ്രസീലിനായി ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയത്.
അതേസമയം ലോകകപ്പിന് ശേഷം മെസി ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകളിൽ കളിക്കാനായി പി.എസ്.ജിക്കൊപ്പം ചേരും.
എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പമാണ് മെസി പാരിസ് ക്ലബ്ബിൽ കളിക്കുക. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുപോയ ശേഷം പുതിയ ക്ലബ്ബിലൊന്നും ചേരാത്ത റൊണാൾഡോയെ പറ്റി ആശങ്കയിലാണ് ആരാധകർ.
ജനുവരിയിലാണ് പുതിയ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുന്നത്.
Content Highlights: Ronaldo is better than Messi, Euro Cup is more difficult to compare World Cup; said famous journalist