| Tuesday, 20th December 2022, 6:37 pm

റൊണാൾഡോ വലിയ തോൽവി, മെസി മികച്ചവൻ: ജർമൻ ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ അർജന്റീന സാക്ഷാൽ ലയണൽ മെസിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഉയർത്തിയിരിക്കുകയാണ്.

ലോകകപ്പ് കൂടി സ്വന്തമാക്കാനായതോടെ മിശിഹക്ക് ലോക ഫുട്ബോളിലെ മേജർ കിരീടങ്ങളെല്ലാം സ്വന്തം പേരിലാക്കാനായി.
കൂടാതെ തുടർച്ചയായി കോപ്പാ, ഫൈനലിസിമ, ലോകകപ്പ് മുതലായ മൂന്ന് കപ്പുകളും മിശിഹ സ്വന്തം പേരിലാക്കി.

1986ൽ മറഡോണയുടെ നേതൃത്വത്തിൽ ലോകകിരീടം ഉയർത്തിയതിന് ശേഷം നീണ്ട 36 വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം ലോകകിരീടം അർജന്റീനയിലേക്ക് മെസിയും സംഘവും എത്തിക്കുന്നത്. അതേസമയം മെസിയേയും റൊണാൾഡോയെയും ക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ജർമനിയുടെ ഇതിഹാസ ഫുട്ബോൾ താരം ലൊതെർ മത്തേവൂസ്.

ജർമനിക്കായി അഞ്ച് ലോകകപ്പുകൾ കളിച്ചിട്ടുള്ള 61കാരൻ മത്തേവൂസ് ജർമനിക്കായി ലോകകപ്പ്, യൂറോ കപ്പ് എന്നിവ നേടുകയും ബാലൻ ഡി ഓർ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഫിഫയുടെ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും മത്തേവൂസ് സ്വന്തമാക്കിയിട്ടുണ്ട്.

“തന്റെ ഈഗോ കൊണ്ട് അദ്ദേഹത്തിനും ടീമിനും വലിയ തകർച്ച വരുത്തി വെയ്ക്കുകയാണ് റൊണാൾഡോ ചെയ്തത്. അദ്ദേഹം മികച്ച പ്ലെയർ ആണെന്നതിൽ യാതൊരു സംശയവും ഇല്ല. ഒരു മികച്ച ഫിനിഷർ ആണ് അദ്ദേഹമെന്നതും സമ്മതിക്കാം. പക്ഷെ ഇപ്പോൾ തന്റെതായ പ്രവർത്തികൾ കൊണ്ട് സ്വന്തം പെരുമയേയും സൽപേരിനെയും ഇല്ലാതാക്കിയിരിക്കുകയാണ് റൊണാൾഡോ.

അദ്ദേഹത്തിന് ടീമിൽ ഇനിയും ഇടം കിട്ടും എന്ന് ചിന്തിക്കുന്നത് തന്നെ വളരെ പ്രയാസമാണ്. സത്യത്തിൽ എനിക്ക് റൊണാൾഡോയോട് സഹതാപം ആണ് തോന്നുന്നത്,’ മത്തേവൂസ് പറഞ്ഞു.

“ഈ ലോകകപ്പിലെ വലിയൊരു പരാജയം തന്നെയാണ് റൊണാൾഡോ. പക്ഷെ മെസി ഇതിന് നേരെ വിപരീതമാണ്. ഒരു സമ്പൂർണ്ണ വിജയി ആണ് അദേഹം. അദേഹം അതിന് അർഹനുമാണ്, കാരണം കളിച്ച 18 വർഷത്തോളം നിങ്ങളെയും എന്നെയും പോലുള്ള ഫുട്ബോൾ ആസ്വാധകർക്ക് അദേഹത്തിന്റെ കളി മികവ് കൊണ്ട് വലിയ സന്തോഷം നൽകാൻ മെസിക്കായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മെസി ഈ നൂറ്റാണ്ടിന്റെ കളിക്കാരനാണ്,’ അദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന് ശേഷം മെസി തുടർന്ന് കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്ക് വേണ്ടി ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും കളിക്കുന്ന മെസിയുടെ അടുത്ത ലക്ഷ്യം ഫ്രഞ്ച് ക്ലബിന് കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടികൊടുക്കുക എന്നതാണെന്നാണ് ആരാധക പക്ഷം.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പിരിഞ്ഞ റൊണാൾഡോ നിലവിൽ ഒരു ക്ലബ്ബിലും ചേർന്നിട്ടില്ല. ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ റൊണാൾഡോയുടെ പുതിയ ക്ലബ്ബ് പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് കാതോർത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

അതേസമയം സൗദി ക്ലബ്ബായ അൽ നാസർ റോണോയെ വൻ തുകയ്ക്ക് ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു.

തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണോക്കെതിരെ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

ശേഷം പിയേഴ്‌സ് മോർഗനുമായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും മാൻയുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മത പ്രകാരം പിരിയുകയായിരുന്നു.

Content Highlights:Ronaldo is a Big Loser but Messi is Great said German Legend

We use cookies to give you the best possible experience. Learn more