| Sunday, 29th January 2023, 5:18 pm

അൽ നസറിലെ തന്റെ കളി കണ്ട് അഭിപ്രായം പറയണം; യുണൈറ്റഡ് സഹതാരങ്ങളെ സൗദിയിലേക്ക് ക്ഷണിച്ച് റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്റെ മുൻ പരിശീലകനായ സർ അലക്സ്‌ ഫെർഗൂസന്റെ നിർദേശ പ്രകാരമായിരുന്നു റൊണാൾഡോ എത്തിയത്. എന്നാൽ ക്ലബ്ബിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതിരുന്നതോടെയും തുടർച്ചയായി ബെഞ്ചിൽ ഇരിക്കേണ്ടി വന്നതോടെയും ഉണ്ടായ പ്രശ്നങ്ങളെത്തുടർന്ന് താരം ക്ലബ്ബ്‌ വിടുകയായിരുന്നു.

തുടർന്ന് ഏകദേശം 225മില്യൺ പ്രതിവർഷ ശമ്പളം നൽകി താരത്തെ സൗദി അറേബ്യൻ ക്ലബ്ബ് അൽ നസർ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു.

എന്നാലിപ്പോൾ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള നാല് സഹതാരങ്ങളെ സൗദിയിലേക്ക് ക്ഷണിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

സണ്ണാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ അൽ നസറിലെ മത്സരം കാണാനും സഹതാരങ്ങളോട് നല്ല രീതിയിൽ വിട പറയാനുമാണ് റൊണാൾഡോ ഇവരെ സൗദിയിലേക്ക് ക്ഷണിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ റൊണാൾഡോ സൗദിയിലേക്ക് ക്ഷണിച്ച താരങ്ങൾ ആരാണെന്ന് അൽ നസർ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം അൽ നസറിനായി അരങ്ങേറ്റം കുറിച്ചിട്ടും ക്ലബ്ബിനായി ഇത് വരേ ഗോളുകളോ അസിസ്റ്റുകളോ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.കൂടാതെ താരത്തിന്റെ നേതൃത്വത്തിൽ സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ ഇത്തിഹാദിനെതിരെ മത്സരിച്ച കളിയിൽ അൽ നസർ പരാജയം രുചിച്ചിരുന്നു.

എന്നാൽ കളിയിൽ സ്കോർ ചെയ്യാനോ ഗോളവസരങ്ങൾ സൃഷ്ടിക്കാനോ സാധിച്ചില്ലെങ്കിലും തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മികച്ച ഡ്രിബിളിങും സ്കില്ലും പുറത്തെടുക്കാനും എതിർ ടീം പ്രതിരോധ നിരയെ വിറപ്പിക്കാനും റൊണാൾഡോക്ക് സാധിച്ചിരുന്നു.

എന്നാൽ താരത്തിന്റെ കാലിൽ നിന്നും എതിർ ടീം ഡിഫൻണ്ടർമാർ പന്ത് റാഞ്ചുന്നതും മത്സരത്തിൽ ഉടനീളം കാണാൻ സാധിച്ചിരുന്നു.
അതേസമയം സൗദി പ്രോ ലീഗ് പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. ഫെബ്രുവരി 3ന് അൽ ഫത്തഹിനോടാണ് അൽ നസറിന്റെ അടുത്ത മത്സരം.

Content Highlights:Ronaldo invited his manchester United teammates to Saudi Arabia; report

We use cookies to give you the best possible experience. Learn more