| Saturday, 3rd December 2022, 9:45 pm

മത്സരത്തിനിടെ അയാളെന്നോട് മോശമായി പെരുമാറി: കൊറിയൻ താരത്തിനെതിരെ വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയക്കെതിരെ നടന്ന മത്സരത്തിനിടെ പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ​ഗ്രൗണ്ട് വിട്ട് പോകുന്ന റൊണാൾഡോ അനിഷ്‍ടം പ്രകടിപ്പിക്കുന്നതും ദേഷ്യപ്പെടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നുണ്ട്. കളിയുടെ ‌65ാം മിനിട്ടിലാണ് സംഭവം.

കളത്തിൽ നിന്ന് പുറത്ത് പോകുമ്പോൾ കൊറിയൻ താരം ചോ ഗു സംഗിനോട് റൊണാൾഡോ ദേഷ്യത്തോടെ ആം​ഗ്യം കാണിക്കുന്നതായും വീഡിയോയിലുണ്ട്. അതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ സംഭവത്തിൽ റൊണാൾഡോ തന്നെ വിശദീകരണം നൽകിയിരിക്കുയാണ് ഇപ്പോൾ.

”എന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോഴാണ് സംഭവം. കൊറിയൻ കളിക്കാരൻ എന്നോട് വേ​ഗത്തിൽ പോകാൻ പറഞ്ഞു. അപ്പോൾ ഞാനവനോട് മിണ്ടാതിരിക്കാൻ ആം​ഗ്യം കാണിച്ചു. എന്നോട് ആജ്ഞാപിക്കാൻ അവനെന്താണ് അധികാരം?

ഞാൻ പതുക്കെയാണ് നടന്നുപോകുന്നതെങ്കിൽ അത് റഫറി പറയട്ടെ. അതുകൊണ്ടാണ് എനിക്ക് ദേഷ്യപ്പെടേണ്ടി വന്നതും വായടക്കാൻ ആവശ്യപ്പെട്ടതും. അല്ലാതെ മറ്റ് വിവാദങ്ങളൊന്നും അവിടെ നടന്നിട്ടില്ല,’ റൊണാൾഡോ വ്യക്തമാക്കി.

അതേസമയം റൊണാൾഡോയെ പിൻവലിച്ച ശേഷം താരം പതിയെ മൈതാനം വിട്ടതാണ് ദക്ഷിണ കൊറിയൻ താരത്തെ പ്രകോപിപ്പിച്ചത്. ജയം അനിവാര്യമായിരുന്ന കൊറിയക്ക് സമയം നഷ്ടമാകുന്നത് തിരിച്ചടിയാകുമായിരുന്നു. ഇതോടെയാണ് വേഗം സ്ഥലം വിടാൻ റോണോയോട് ആവശ്യപ്പെട്ടത്.

പോർച്ചു​ഗൽ ​​ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് റൗണ്ട് ഓഫ് 16ൽ എത്തിയത്. നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച പോർച്ചുഗൽ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. അഞ്ചാം മിനിട്ടിൽ ഡിയോഗോ ദലോട്ടിന്റെ പാസിൽ നിന്നും റിക്കാർഡോ ഹോർട്ടയാണ് പോർചുഗലിനായി ഗോൾ നേടിയത്.

17ാം മിനിട്ടിൽ ജിൻ സു കിം കൊറിയക്കായി ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 27ാം മിനിട്ടിൽ യങ് ​ഗ്വാൺ കിം നെയ്യിന്റെ ഗോളിൽ കൊറിയ സമനില പിടിക്കുകയായിരുന്നു. 35ാം മിനിട്ടിൽ ഡിയോഗോ ദലോട്ടിന് പോർച്ചുഗലിന് ലീഡ് നേടിക്കൊടുക്കാൻ അവസരം ലഭിച്ചെങ്കിലും കൊറിയൻ കീപ്പർ സിയൂങ് ​ഗ്യൂ കിം തടുത്തിട്ടു.

42ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബോക്‌സിനുള്ളിൽ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും റീബൗണ്ടിൽ നിന്നുമുള്ള താരത്തിന്റെ ഹെഡർ പുറത്തേക്കായി. ഇഞ്ചുറി ടൈമിൽ ഹീ ചാൻ ഹ്വാങ് നേടിയ ​ഗോളാണ് കൊറിയക്ക് ജയം നൽകിയത്.

Content Highlights: Ronaldo insulted by South Korea player in verbal spat during Portgual’s World Cup loss

We use cookies to give you the best possible experience. Learn more