Sports News
മറഡോണയുടെ കരിയര്‍ ഗോള്‍ വെറും നാല് വര്‍ഷം കൊണ്ട് തകര്‍ത്തു; ഇതിഹാസ റെക്കോഡും തൂക്കി റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 16, 10:51 am
Saturday, 16th November 2024, 4:21 pm

യുവേഫ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിനെതിരെ തകര്‍പ്പന്‍ വിജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. എസ്റ്റാഡിയോ ഡു ഡ്രാഗോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5-1നാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. പോര്‍ച്ചുഗലിന് വേണ്ടി 59ാം മിനിട്ടില്‍ റാഫേല്‍ ലിയോയാണ് ഗോളടിക്ക് തുടക്കമിട്ടത്.

നിര്‍ണായക മത്സരത്തില്‍ 72ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ഇതിഹാസതാരം റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ നേടിയത്. 87ാം മിനിട്ടില്‍ നാല് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നപ്പോള്‍ അവസാന നിമിഷത്തിലായിരുന്നു റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ ഗോള്‍ പിറന്നത്. 8ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും പെഡ്രോ നെറ്റോ 8ാം മിനിട്ടിലും പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയിരുന്നു.

പെഡ്രോ നെറ്റോ നേടിയ ഗോളിന് അസിസ്റ്റ് നല്‍കി റൊണാള്‍ഡോ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ തന്റെ കരിയറിലെ 135ാമത്തെ അന്താരാഷ്ട്ര ഗോളും പൂര്‍ത്തിയാക്കിയിരുന്നു. മാത്രമല്ല ഇതിന് പുറമെ ഒരു കിടിലന്‍ റെക്കോഡും റോണോ സ്വന്തമാക്കിയിട്ടുണ്ട്.

35 വയസിന് ശേഷം റൊണാള്‍ഡോ പോര്‍ച്ചുഗലിനായി നേടുന്ന 36ാം ഗോളാണിത്. ഈ രണ്ട് ഗോളുകള്‍ക്ക് പിന്നാലെ ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ അന്താരാഷ്ട്ര കരിയറിനെ തന്നെ മറികടന്നിരിക്കുകയാണ് താരം.

തന്റെ അന്താരാഷ്ട്ര കരിയറില്‍ 34 തവണയാണ് മറഡോണ അര്‍ജന്റീനയക്കായി ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ 35 വയസിന് ശേഷം, നാല് വര്‍ഷത്തിനിടെ 36 ഗോള്‍ കണ്ടെത്തിയാണ് റൊണാള്‍ഡോ മറഡോണയുടെ കരിയറിനെ തന്നെ മറികടന്നത്.

ഈ സീസണില്‍ ക്ലബ്ബിനും രാജ്യത്തിനുമായി മാത്രം 15 ഗോളുകള്‍ നേടിയ റൊണാള്‍ഡോ കരിയറില്‍ തന്റെ 910ാം ഗോളും പൂര്‍ത്തിയാക്കി. മാത്രമല്ല 39ാം വയസിലും വീര്യം ചോരാത്ത ബൈസിക്കിള്‍ ഷോട്ടുകള്‍ക്ക് കാല് ചലിപ്പിക്കുന്ന റോണോ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്.

 

Content Highlight: Ronaldo In Great Record Achievement