മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസിന്റെ 2017 ലെ മികച്ച താരമെന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ്. കരിയറിലെ ഏറ്റവും മോശം കാലഘട്ടമെന്നും ഫോമില്ലായ്മ അലട്ടുന്നെന്നുമുള്ള വിമര്‍ശനങ്ങള്‍ പലഭാഗത്തു നിന്നും ഉയരുന്നതിനിടെയാണ് കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി റോണോയെ തേടിയെത്തിയിരിക്കുന്നത്.
ഇന്നലെയായിരുന്നു പോര്‍ച്ചുഗീസിന്റെ 2017 ലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. സ്‌പോര്‍ട്ടിങ്ങ് സിപി ഗോള്‍കീപ്പര്‍ റൂയി പട്രീഷ്യോ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്റ്റാര്‍ ബെര്‍ണാര്‍ഡോ സില്‍വ എന്നിവരെ പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്.
തനിക്കു ലഭിച്ച പുരസ്‌കാരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ താരം നടത്തിയ പ്രതികരണം. പുരസ്‌കാരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും തന്റെ സഹതാരങ്ങള്‍ക്കുള്ള പുരസ്‌കാരമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.
“ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതും പറയുന്നതും ഞാനാണ് മികച്ചവനെന്നാണ്. ഞാന്‍ പറയുന്നത് മൈതാനത്ത് കാണിക്കാറുമുണ്ട്. ഞങ്ങള്‍ ഓരോ വര്‍ഷവും പോരാട്ടത്തിലാണ്.” താരം പറഞ്ഞു.
2016-17 സീസണില്‍ 46 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നത്. നടപ്പു സീസണില്‍ 35 മത്സരങ്ങളില്‍ നിന്നും 37 ഗോളുകളും റോണോ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞദിവസമായിരുന്നു താരം കരിയറിലെ 50ാം ഹാട്രിക്ക് സ്വന്തമാക്കിയത്.