സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ചിരവൈരികളായ അല്‍ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ ഹിലാല്‍ അല്‍ നസറിനെ തകര്‍ത്തുവിട്ടത്.
പെനാല്‍ട്ടിയിലൂടെയായിരുന്നു അല്‍ ഹിലാല്‍ രണ്ട് ഗോളും വലയിലാക്കിയത്. 42ാം മിനിട്ടിലും 62ാം മിനിട്ടും ലഭിച്ച പെനാല്‍ട്ടി ഓഡിയോണ്‍ ഇഗാലോ പിഴവേതും കൂടാതെ വലയിലെത്തിച്ചപ്പോള്‍ സീസണിലെ മൂന്നാം തോല്‍വിയാണ് അല്‍ നസറിന് വഴങ്ങേണ്ടി വന്നത്.
അല്‍ നസറിന്റെ അവസാന അഞ്ച് മത്സരത്തിലെ രണ്ടാം തോല്‍വിയാണിത്. മത്സരം വിജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യത കൂടിയാണ് ഈ തോല്‍വിയോടെ ഇല്ലാതായത്.
മത്സരത്തില്‍ ഏഴ് തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. അല്‍ ഹിലാല്‍ മൂന്ന് മഞ്ഞക്കാര്‍ഡ് വഴങ്ങിയപ്പോള്‍ അല്‍ നസര്‍ നാലെണ്ണവും വഴങ്ങി, അതിലൊന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കായിരുന്നു ലഭിച്ചത്.
മത്സരത്തിന്റെ 57ാം മിനിട്ടിലായിരുന്നു റൊണാള്‍ഡോക്ക് യെല്ലോ കാര്‍ഡ് ലഭിച്ചത്. അല്‍ ഹിലാല്‍ താരത്തെ വലിച്ച് താഴെയിട്ടതിനായിരുന്നു റൊണാള്‍ഡോക്ക് കാര്‍ഡ് ലഭിച്ചത്.
എതിര്‍ ടീം പ്ലെയറെ വെറുതെ വലിച്ച് താഴെ ഇടുകയായിരുന്നില്ല, മറിച്ച് പ്രൊഫഷണല്‍ റെസ്‌ലിങ്ങിലെ സൂപ്പര്‍ താരം ഡോള്‍ഫ് സിഗ്ലറിന്റെ ഫിനിഷറായ സിഗ് സാഗിന് സമാനമായ മൂവിലൂടെയാണ് റൊണാള്‍ഡോ ഹിലാല്‍ താരത്തെ കൈകാര്യം ചെയ്തത്.
റൊണാള്‍ഡൊയുടെ ഫൗളിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ വീഡിയോ വൈറലായതിന് പിന്നാലെ ആരാധകരും എത്തിയിരിക്കുകയാണ്. ഏറ്റവും മികച്ച ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നും യു.എഫ്.സിയുടെ ഇടിക്കൂട്ടില്‍ ഇനി റൊണാള്‍ഡോയുമുണ്ടാകുമെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം, 24 മത്സരത്തില്‍ നിന്നും 16 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. 23 മത്സരത്തില്‍ നിന്നും 17 വിജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമായി അല്‍ ഇതിഹാദാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.
കിങ് കപ് ഓഫ് ചാമ്പ്യന്‍സിന്റെ സെമി ഫൈനല്‍ മത്സരത്തിലാണ് അല്‍ നസര്‍ ഇനി കളിക്കുക. ഏപ്രില്‍ 24ന് എസ്.എം.സി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ അല്‍ വെദയാണ് എതിരാളികള്‍.
Content Highlight: Ronaldo gets yellow card, video goes viral