| Monday, 14th November 2022, 7:09 pm

അത് വ്യാജമാണ്, റൊണാള്‍ഡോ അങ്ങനെ പറഞ്ഞിട്ടേയില്ല; ഇലോണ്‍ മസ്‌ക് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം: അവതാരകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോഗന്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്‌ട്രൈക്കറും പോര്‍ച്ചുഗല്‍ സൂപ്പര്‍താരവുമായ ക്രിസ്റ്റ്ര്യാനോ റൊണാള്‍ഡോയുമായി അഭിമുഖം നടത്തിയത് വലിയ ജനസ്വീകാര്യത നേടിയിരുന്നു.

താരത്തിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത് എട്ട് മണിക്കൂര്‍ തികയും മുമ്പേ ഏഴ് കോടി ആളുകളാണ് വീഡിയോ കണ്ടത്.

എന്നാല്‍ ഇന്റർവ്യൂവിനിടെ റൊണാള്‍ഡോ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ആളുകള്‍ വളച്ചൊടിക്കുന്നുണ്ടെന്നും, താരം ഉദ്ധരിച്ചുവെന്ന വ്യാജേന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും മോഗന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അഭിമുഖത്തില്‍ കണ്ട കാര്യങ്ങളെയോ അല്ലെങ്കില്‍ താന്‍ ട്വീറ്റ് ചെയ്യുന്ന കാര്യങ്ങളോ മാത്രം വിശ്വസിച്ചാല്‍ മതിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിനെ കുറിച്ച് മോഗന്റെ അഭിമുഖത്തില്‍ താരം പരാമര്‍ശിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതില്‍ ഇപ്പോള്‍ അതിയായി ഖേദിക്കുന്നുണ്ടെന്നും അവിടെ ഒരു രാജാവിനെ പോലെയാണ് അവര്‍ തന്നെ കണ്ടിരുന്നെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

അതിനെതിരെ ശക്തമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പിയേഴ്‌സ് മോഗന്‍. റൊണാള്‍ഡോ അത്തരത്തില്‍ ഒരു കാര്യം സംസാരിച്ചിട്ടില്ലെന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ട്വിറ്ററില്‍ വരുന്ന ഫേക്ക് ന്യൂസുകളെ നിയന്ത്രിക്കാന്‍ ഇലോണ്‍ മസ്‌ക് പ്രത്യേകം ശ്രദ്ധിക്കണമെന്നും മോഗന്‍ കൂട്ടിച്ചേര്‍ത്തു.

”ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി നടത്തിയ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷക പിന്തുണ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

എന്നാല്‍ ഇപ്പോള്‍ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാഡ്രിഡ് സോണ്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സൈറ്റില്‍ കൊടുത്ത റൊണാള്‍ഡോയുടെ വ്യാജ റിപ്പോര്‍ട്ടിന് 46,000 ലൈക്കുകളാണ് കിട്ടിയത്. അദ്ദേഹം പറയാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കരുത്.

റൊണാള്‍ഡോ സംസാരിച്ച കാര്യങ്ങള്‍ അഭിമുഖത്തിലും എന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലുമുണ്ട്. അത് പരിശോധിച്ച് കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുമെന്ന് കരുതുന്നു.

കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ട്വിറ്റര്‍ പോലുള്ള ഒരു സാമൂഹ്യ മാധ്യമത്തില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകല്‍ പ്രചരിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് തക്കതായ പരിഹാരം കാണേണ്ടതാണ്,’മോഗന്‍ വ്യക്തമാക്കി.

Content Highlights: Ronaldo doesn’t say this. I hope Elon Musk sorts out this kind of crap too, says Piers Morgan

We use cookies to give you the best possible experience. Learn more