സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡോ. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി താരം ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളായി അടയാളപ്പെടുത്തപ്പെടാനുള്ള പോരാട്ടത്തിലാണ്.
കൂടാതെ സമകാലിക ഫുട്ബോളിലെ മറ്റൊരു ഇതിഹാസ താരമായ മെസിക്കൊപ്പം ചേർത്ത് ലോകത്തിലെ നിലവിലെ മികച്ച താരമാര് എന്ന സംവാദത്തിലും ഉയർന്ന് കേൾക്കുന്ന പേരാണ് റൊണാൾഡോയുടേത്.
എന്നാൽ റൊണാൾഡോക്ക് വലിയ ടാലന്റ് ഒന്നുമില്ലെന്നും അദ്ദേഹത്തിന്റെ ഡെഡിക്കേഷനും മെന്റാലിറ്റിയുമാണ് റോണോയെ മികച്ച താരമാക്കുന്നതെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പോർച്ചുഗീസ് പരിശീലകനായ ലൂയിസ് ഫെലിപ്പെ.
റൊണാൾഡോയുടെ ചെറുപ്പകാലം തൊട്ട് അദ്ദേഹത്തിന് വേണ്ട നിർദേശവും പരിശീലനവും നൽകിയ കോച്ചാണ് ലൂയിസ് ഫെലിപ്പെ.
“റൊണാൾഡോ വളരെ ഡെഡിക്കേറ്റഡായ താരമാണ്. പക്ഷെ വളരെ ടാലന്റഡ് ആയ തരാമെന്ന് ഞാൻ പറയില്ല. റൊണാൾഡോയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവന്റെ ടാലന്റിനെക്കുറിച്ചല്ല ആദ്യം ഓർമ വരുന്നത്. റോണോയുടെ ഡെഡിക്കേഷനാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന താരമാക്കി മാറ്റിയത്. കൂടാതെ അയാളുടെ മെന്റാലിറ്റിയും ഭീകരമാണ്.
ഡെഡിക്കേഷൻ മെന്റാലിറ്റി എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം എത്തുന്ന പേര് റൊണാൾഡോയുടേതാണ്,’ ലൂയിസ് ഫെലിപ്പെ പറഞ്ഞു.
“റൊണാൾഡോ ഒരു ഗോൾ മെഷീൻ തന്നെയാണ്. കൂടാതെ മികച്ച താരവുമാണവൻ. 2003ൽ സ്പോർട്ടിങ് ലിസ്ബണിൽ വെച്ച് ഞാൻ അവനെ കാണുമ്പോൾ തന്നെ വളരെ ആഗ്രഹവും ഇച്ഛാശക്തിയും റൊണാൾഡോയിൽ പ്രകടമായിരുന്നു. ഇപ്പോഴും തന്റെ കരിയറിന്റെ ആരംഭത്തിൽ കളിയോട് അവനുണ്ടായിരുന്ന പാഷൻ ഇപ്പോഴും റൊണാൾഡോ പ്രകടിപ്പിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
1115 മത്സരങ്ങളിൽ നിന്നും 820 ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയത്. ലോക ഫുട്ബോളിലെ തന്നെ റെക്കോർഡ് ഗോൾ നേട്ടമാണിത്.
കൂടാതെ റൊണാൾഡോയുടെ തോളിലേറി പോർച്ചുഗീസ് ഫുട്ബോൾ ടീമിന് 2004 യൂറോകപ്പ് ഫൈനലും 2006 ലോകകപ്പ് മൂന്നാം സ്ഥാനവും നേടാൻ സാധിച്ചു. കൂടാതെ ഒരു യൂറോകപ്പും തന്റെ രാജ്യത്തിനായി റൊണാൾഡോ നേടിക്കൊടുത്തു.
അതേസമയം സൗദി ക്ലബ്ബ് അൽ നസറിലാണ് റൊണാൾഡോയിപ്പോൾ കളിക്കുന്നത്. ഏകദേശം 225 മില്യൺ യൂറോ വാർഷിക പ്രതിഫലം നൽകിയാണ് റൊണാൾഡോ അൽ നസറിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.