ക്ലബ്ബ് വിട്ട് പോകണം എന്ന് റൊണാൾഡോ എന്നോട് പറഞ്ഞിരുന്നില്ല; വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച്
club football
ക്ലബ്ബ് വിട്ട് പോകണം എന്ന് റൊണാൾഡോ എന്നോട് പറഞ്ഞിരുന്നില്ല; വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th December 2022, 12:23 pm

ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെയാണ് നേരിടുന്നത്. പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയത്.

റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസിന്റെ ഹാട്രിക് ഗോളിലാണ് പോർച്ചുഗൽ വൻ വിജയം സ്വന്തമാക്കിയത്.

അതേസമയം തുടർച്ചയായി തന്നെ ബെഞ്ചിലിരുത്തുന്നതിൽ പ്രതിഷേധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.

യുണൈറ്റഡ് കോച്ചായ എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ ഈവനിങ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സംഭവവുമായി ബന്ധപ്പെട്ടുള്ള തന്റെ പ്രതികരണങ്ങൾ അറിയിച്ചത്.

“ഞാൻ അദ്ദേഹത്തോട് ആദ്യം മുതൽ തന്നെ പറയുന്നതാണ് അദ്ദേഹത്തിന് താല്പര്യം ഉണ്ടെങ്കിൽ മാത്രം ക്ലബ്ബിൽ തുടർന്നാൽ മതിയെന്ന്. താല്പര്യമില്ലാത്ത കളിക്കാരെ ഞങ്ങൾ ക്ലബ്ബിൽ പിടിച്ചുനിർത്താറില്ല,’ ടെൻ ഹാഗ് പറഞ്ഞു.

“ആ ഇന്റർവ്യൂ ക്ലബ്ബിനെ സംബന്ധിച്ച് സ്വീകാര്യമല്ല. തീർച്ചയായും അത്തരം കാര്യങ്ങൾക്ക് അനന്തരഫലമുണ്ടാകും. അത് മനസ്സിലാക്കിയായിരിക്കണം അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. എന്നാൽ ക്ലബ്ബ് വിടണമെന്ന താല്പര്യം മുമ്പൊരിക്കലും അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നില്ല,’ ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന റൊണാൾഡോ ക്ലബ്ബിനൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും, ചാമ്പ്യൻസ് ലീഗ് ട്രോഫിയും അടക്കം സ്വന്തമാക്കിയിരുന്നു.


പിന്നീട് റയൽ മാഡ്രിഡിലേക്ക് പോയ താരം ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഗോൾ സ്കോറർ എന്ന നേട്ടം സ്വന്തമാക്കുകയും, കൂടാതെ നാല് തവണ ചാമ്പ്യൻസ് ലീഗ് ട്രോഫി സ്വന്തമാക്കുകയും ചെയ്തിരുന്നു. റയൽ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ ചേക്കേറിയ താരം അവിടെ നിന്നാണ് വീണ്ടും യുണൈറ്റഡിലേക്ക് എത്തുന്നത്.

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നതിനെ തുടർന്ന് മത്സരം പൂർത്തിയാവുന്നതിന് മുന്നേ റൊണാൾഡോ കളം വിട്ടിരുന്നു. ഇതിന് ശേഷം താരത്തിനെതിരെ അച്ചടക്കനടപടികളിലേക്ക് ക്ലബ്ബ് കടന്നതോടെയാണ് ക്ലബ്ബും താരവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്.
പിന്നീട് പിയേഴ്‌സ് മോർഗനുമായി നടന്ന അഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി തള്ളി പറഞ്ഞതോടെയാണ് റൊണാൾഡോയും മാൻ യുണൈറ്റഡും പരസ്പര ധാരണയോടെ പിരിയാൻ തീരുമാനിക്കുന്നത്.

അതേസമയം ഖത്തർ ലോകകപ്പിൽ ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരം വിജയിക്കാനായാൽ ഇംഗ്ലണ്ട്- ഫ്രാൻസ് മത്സര വിജയികളെയാകും പോർച്ചുഗൽ സെമിയിൽ നേരിടുക.

Content Highlights:Ronaldo didn’t tell me to leave the club said Manchester United coach