football news
"റൊണാൾഡോക്ക് നീതി ലഭിക്കണം"; മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ട്വിറ്ററിൽ പ്രതിഷേധവുമായി ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th January 2023, 4:18 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കും ഫോമില്ലായ്മക്കും ശേഷം മികവിലേക്കുയർന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

19 മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചുവന്ന ചെകുത്താൻമാർ.

എന്നാൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് അധിക സമയത്ത് ഗോൾ വഴങ്ങേണ്ടി വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ നഷ്ടമാക്കിയിരുന്നു.

മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാമെന്ന യുണൈറ്റഡിന്റെ മോഹങ്ങൾക്കാണ് വലിയ തിരിച്ചടിയേറ്റത്.

മത്സരം 44 മിനിട്ട് പിന്നിട്ടപ്പോൾ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്.

എന്നാൽ മത്സരം വിജയിച്ചു എന്ന അവസ്ഥയിൽ ആഘോഷം തുടങ്ങിയ യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അധിക സമയത്ത് വീണു കിട്ടിയ ഫ്രീ കിക്കിൽ നിന്നും ക്രിസ്റ്റൽ പാലസ് താരം മൈക്കൽ ഒലീസെ സമനില ഗോൾ നേടുകയായിരുന്നു.

എന്നാൽ മത്സരത്തിൽ യുണൈറ്റഡ് സമനില വഴങ്ങുകയും ബ്രൂണോ ഫെർണാണ്ടസ് മഞ്ഞക്കാർഡ് വഴങ്ങി പുറത്ത് പോവുകയും ചെയ്തതോടെ ലീഗിലെ യുണൈറ്റഡിന്റെ ടൈറ്റിൽ മോഹങ്ങൾക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്.

റൊണാൾഡോക്ക് പകരക്കാരനായി യുണൈറ്റഡ് ടീമിലെത്തിച്ച വോട്ട് വെഗോർസ്റ്റിന് യുണൈറ്റഡിനായി സ്കോർ ചെയ്യാൻ സാധിച്ചില്ല.

ഇതോടെയാണ് റൊണാൾഡോക്ക് നീതി വേണമെന്നും, വെഗോർസ്റ്റിന് റൊണാൾഡോക്ക് പകരക്കാരൻ ആകാൻ സാധിക്കില്ലെന്നുമൊക്കെയാരോപിച്ച് ഒരു കൂട്ടം ആരാധകർ രംഗത്തെത്തിയത്.

കൂടാതെ റൊണാൾഡോയുടെ പകരക്കാരനായി ഫോർവേഡ് പൊസിഷനിൽ കളിച്ച മാർക്കസ് റാഷ്ഫോർഡിനെതിരെയും ചില ആരാധകർ വിമർശനമുന്നയിക്കുണ്ട്.

തന്നെ തുടർച്ചയായി ബെഞ്ചിലിരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരത്തിൽ കളി പൂർത്തിയാകും മുമ്പ് ബെഞ്ച് വിട്ടതോടെയാണ് റൊണാൾഡോയും യുണൈറ്റഡും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച യുണൈറ്റഡിനെതിരെ റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ പരസ്യമായ വിമർശനം ഉന്നയിച്ചതോടെ ക്ലബ്ബും റോണോയും തമ്മിൽ പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.

നിലവിൽ സൗദി ക്ലബ്ബ് അൽ നസറിൽ സൈൻ ചെയ്ത റൊണാൾഡോ ജനുവരി 19ന് പി.എസ്.ജിക്കെതിരെയുള്ള സൗദി ഓൾ സ്റ്റാർസിന്റെ സൗഹൃദ മത്സരത്തിലാണ് സൗദിയുടെ മണ്ണിൽ ആദ്യമായി മത്സരിക്കാനിറങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Content Highlights:”Ronaldo deserves justice”; Fans are protesting against Manchester United on Twitter