പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍-നാസറില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. പ്രമുഖ സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് വാര്‍ത്ത പുറത്ത് വിട്ടിരുന്നത്.
ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് താരം അല്‍ നാസറില്‍ സൈന്‍ ചെയ്യുകയെന്നും രണ്ടര വര്‍ഷത്തെ കരാറിലായിരിക്കും സൗദി ക്ലബ്ബിലേക്കുള്ള കൂടുമാറ്റമെന്നും മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
200 മില്യണ്‍ യൂറോയാണ് അല്‍ നാസര്‍ റൊണാള്‍ഡോക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളൊന്നും സത്യമല്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ക്രിസ്റ്റ്യാനോ. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷം മാധ്യമങ്ങളോടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഇല്ല, അതൊന്നും സത്യമല്ല, അല്‍ നാസറുമായി സൈന്‍ ചെയ്തിട്ടില്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി അറിയിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണ്.
എന്നാല്‍, മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുള്ളപ്പോള്‍ റൊണാള്‍ഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും പി.എസ്.ജി വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ റോണോയെ പോലെ പ്രഗത്ഭനായ കളിക്കാരനെ ബെഞ്ചിലിരുത്തുന്നതിനോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചും പലരും രംഗത്ത് വന്നിരുന്നു.
അതേസമയം പിയേഴ്‌സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു.
റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്.