| Friday, 25th November 2022, 10:31 am

റെക്കോർഡ് നേട്ടവുമായി വീണ്ടും റൊണാൾഡോ; മെസിക്ക് പിഴച്ചതും റൊണാൾഡോ നേടിയതും

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തർ വേൾഡ് കപ്പ് മറ്റൊരു ആവേശ്വോജ്വല മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

തുടർച്ചയായ അഞ്ച് ഫുട്ബോൾ ലോകകപ്പുകളിൽ ഗോൾ നേടിയ ആദ്യ പുരുഷ താരം എന്ന റെക്കോർഡ് ഇനി 37 കാരനായ പോർച്ചുഗീസ് താരത്തിന് സ്വന്തം.

2006ൽ ഇറാനെതിരെ തുടങ്ങിയ ഗോൾ വേട്ട ഖത്തറിലും തുടരുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

കളിയുടെ 65ാം നിമിഷത്തിൽ വീണ് കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ചാണ് താരം റെക്കോർഡ് സ്വന്തം പേരിൽ കൂട്ടിച്ചേർത്തത്.

ഇതിന് മുമ്പ് വനിതാ ലോകകപ്പിൽ ബ്രസീൽ താരം മാർത്ത, കനേഡിയൻ താരം ക്രിസ്റ്റീൻ സിംഗ്ലർ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അടുത്തിടെ കോൺഫറൻസ് ലീഗിൽ ഗോൾ നേടി 700 ഗോളുകൾ പൂർത്തിയാക്കുന്ന താരം എന്ന നേട്ടവും റൊണാൾഡോ കരസ്ഥമാക്കിയിരുന്നു.
അഞ്ച് ലോകകപ്പുകളിലായി എട്ട് ഗോളുകൾ ആണ് റൊണാൾഡോ സ്വന്തമാക്കിയത്. അതിൽ തന്നെ നാലെണ്ണം 2018 ലോകകപ്പിലായിരുന്നു.

പെലെ, ക്ലോസെ, സീലർ എന്നിവർക്കൊപ്പം നാല് ലോകകപ്പിൽ ഗോളുകൾ നേടിയ മെസി റൊണാൾഡോയുടെ തൊട്ടു പിന്നിൽ തന്നെയുണ്ട്.
2010ൽ ഗോൾ നേടാൻ സാധിക്കാത്തതാണ് മെസിക്ക് റെക്കോർഡ് നഷ്ടമാകാൻ കാരണം.

നിലവിൽ 35ാം വയസിലും മിന്നുന്ന ഫോമിൽ കളിക്കുന്ന മെസിക്ക് 2026ലെ ലോകകപ്പ് അങ്കത്തിൽ അർജന്റീനക്കായി ബൂട്ട് അണിയുമോ എന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്.

ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മത്സരത്തിൽ ഘാനയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ കഷ്‌ടിച്ചാണ് ജയിച്ചത്.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 65ാം മിനിട്ടിൽ പോർച്ചുഗലിന് അനുവദിച്ചു കിട്ടിയ പെനാൽറ്റി റൊണാൾഡോ ഗോളാക്കി.

73ാം മിനിട്ടിൽ ആൻഡ്രു അയേവ് നേടിയ സമനില ഗോളിൽ പതറാതെ ജോവോ ഫെലിക്സിലൂടെ 78ാം മിനിട്ടിലും റാഫേൽ ലിയോയിലൂടെ 80ാം മിനിട്ടിലും ഗോൾ നേടിയ പോർച്ചുഗൽ മുന്നിലെത്തി.

എന്നാൽ 89ാം മിനിട്ടിൽ ഒസ്മാൻ ബുഹാരിയിലൂടെ ഒരു ഗോൾ കൂടി അടിച്ച് ഞെട്ടിക്കാൻ ഘാനക്ക് സാധിച്ചെങ്കിലും വിജയം മാത്രം അകന്നു നിന്നു.

ഈ ജയത്തോടെ ഉറുഗ്വേ,ദക്ഷിണകൊറിയ എന്നിവരടങ്ങിയ ഗ്രൂപ്പിൽ മൂന്ന് പോയിന്റ് നേടി പോർച്ചുഗൽ ഒന്നാമതെത്തി.

Content Highlights: Ronaldo create another world record against ghana to score goals  most number of football worldcups

Latest Stories

We use cookies to give you the best possible experience. Learn more