ശനിയാഴ്ച നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ആഫ്രിക്കൻ ശക്തികളായ മൊറോക്കോക്കെതിരെ പരാജയം രുചിച്ച പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായിരുന്നു.
ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഏകദേശം അവസാനിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ 38 വയസ്സുള്ള താരം ഇനിയൊരു ലോകകപ്പിൽ കൂടി മത്സരിക്കാൻ സാധ്യതയില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
പോർച്ചുഗലിനെതിരെ യൂസഫ് എൻ നസ്രി നേടിയ ഒറ്റ ഗോളിലാണ് മൊറോക്കോ വിജയിച്ചത്. ഇതോടെ ലോകകപ്പ് സെമിയിൽ എത്തുന്ന ഒരേയൊരു ആഫ്രിക്കൻ രാജ്യം എന്ന റെക്കോഡ് മൊറോക്കോയുടെ പേരിലായി.
എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പുതിയൊരു ലോക റെക്കോഡ് കൂടി റൊണാൾഡോ സ്വന്തം പേരിലാക്കി. മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്ന റൊണാൾഡോ പകരക്കാരനായി രണ്ടാം പകുതിയിലാണ് മൈതാനത്തിറങ്ങിയത്.
മൊറോക്കോക്കെതിരെ കളത്തിലിറങ്ങിയതിലൂടെ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച പുരുഷ താരം എന്ന ലോകറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
കുവൈറ്റ് രാജ്യാന്തര താരം ബദർ-അൽ-മുതവയുടെ 196 രാജ്യാന്തര മത്സരങ്ങൾ എന്ന നേട്ടത്തിനൊപ്പമാണ് റൊണാൾഡോ എത്തിച്ചേർന്നിരിക്കുന്നത്. ഒരു മത്സരം കൂടി കളിച്ചാൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച പുരുഷ താരം എന്ന ലോക റെക്കോഡ് ഒറ്റക്ക് സ്വന്തമാക്കാൻ റൊണാൾഡോക്കാകും.
2022 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് ഗിന്നസ് വേൾഡ് റെക്കോഡുകളാണ് റൊണാൾഡോയുടെ പേരിൽ ഉണ്ടായിരുന്നത്.
ടൂർണമെന്റ് ആരംഭിച്ച ശേഷം ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സിനെ കരസ്ഥമാക്കുന്ന ആദ്യ വ്യക്തി എന്ന നേട്ടം റൊണാൾഡോ കരസ്ഥമാക്കിയിരുന്നു.387 മില്യൺ ഫോളോവേഴ്സുമായി മെസിയാണ് രണ്ടാം സ്ഥാനത്ത്.
കൂടാതെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോഡും റൊണാൾഡോ സ്വന്തമാക്കി.
ഘാനക്കെതിരെയുള്ള പോർച്ചുഗൽ മത്സരത്തിൽ നിന്നും ഗോൾ സ്കോർ ചെയ്യാൻ സാധിച്ചതോടെയാണ് റൊണാൾഡോ ഈ നേട്ടത്തിന് അർഹനായത്.
നിലവിൽ കളിക്കുന്ന താരങ്ങളിൽ മെസി, മെക്സിക്കൊയുടെ ആൻഡ്രസ് ഗ്വാർഡോ എന്നിവരും അഞ്ച് ലോകകപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.
രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത പുരുഷ താരം എന്ന റെക്കോഡും റൊണാൾഡോയുടെ പേരിലാണ്.
118 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ ഇതുവരെ നേടിയിട്ടുള്ളത്.109 ഗോളുകളുമായി ഇറാന്റെ അലി ദേയി ആണ് രണ്ടാം സ്ഥാനത്ത്.
2003 ൽ 18 വയസ്സ് പ്രായമുള്ളപ്പോഴാണ് റൊണാൾഡോ പോർച്ചുഗലിനായി അരങ്ങേറ്റമത്സരം കളിച്ചത്. കസാക്കിസ്ഥാൻ ആയിരുന്നു എതിരാളികൾപിന്നീട് 2004ലെ യൂറോ കപ്പിൽ ഗ്രീസിനെതിരെ ഗോൾ നേടിക്കൊണ്ട് റോണോ തന്റെ രാജ്യാന്തര ഗോൾ വേട്ടക്ക് തുടക്കമിട്ടു.
2018 ലോകകപ്പിൽ സ്പെയ്നെതിരെ ഹാട്രിക് നേടി ലോകകപ്പിൽ ഹാട്രിക് കരസ്ഥമാക്കുന്ന പ്രായം കൂടിയ താരം എന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കിയിരുന്നു.
പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായതോടെ റൊണാൾഡോ മത്സരിക്കുന്നത് ഇനി എന്ന് കാണാൻ സാധിക്കും എന്ന നിരാശയിലാണ് ഫുട്ബോൾ ആരാധകർ.
മാൻ യുണൈറ്റഡ് വിട്ട താരം നിലവിൽ ഒരു ക്ലബ്ബിലും ചേർന്നിട്ടില്ല.
Content Highlights:Ronaldo create another historic record, Achieved fourth Guinness record