സൗദി അറേബ്യൻ ക്ലബ്ബ് അൽ നസറിലേക്ക് സൈനിങ് നടത്തിയിരിക്കുകയാണ് റൊണാൾഡോ. പ്രതിവർഷം 200 മില്യൺ യൂറോ മൂല്യം വരുന്ന കരാറിന്റെ അടിസ്ഥാനത്തിൽ 2025 വരെയാണ് റൊണാൾഡോ അൽ നസറിൽ കളിക്കുക.
കാമറൂണിന്റെ ഗോളടി വീരൻ വിൻസെന്റ് അബൂബക്കർ ഉൾപ്പെടെയുള്ള ഒട്ടനവധി മികച്ച താരങ്ങൾ ക്ലബ്ബിൽ റോണോയുടെ സഹ കളിക്കാരായുണ്ട്.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ വിലക്ക് ഉള്ളതിനാൽ ക്ലബ്ബിൽ സൈൻ ചെയ്ത ശേഷമുള്ള ആദ്യത്തെ രണ്ട് മത്സരങ്ങൾ താരത്തിന് കളിക്കാൻ സാധിക്കില്ല.
എന്നാലിപ്പോൾ റൊണാൾഡോക്ക് അൽ നസറിൽ സൈൻ ചെയ്തെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും കളിക്കാൻ ഇനിയും അവസരം ലഭിച്ചേക്കാം എന്ന റിപ്പോർട്ടുകളാണ് മാർക്ക പുറത്ത് വിടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാലാണ് ഇത് സംഭവിക്കാൻ സാധ്യത.
സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമകൾ. അതിനാൽ തന്നെ നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡിന് ലീഗ് അവസാനിക്കുമ്പോൾ ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്യാനായാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും.
റൊണാൾഡോയെ ലോൺ അടിസ്ഥാനത്തിൽ അൽ നസർ ന്യൂകാസിൽ യുണൈറ്റഡിന് വിട്ട് നൽകുമെന്നാണ് മാർക്ക പറയുന്നത്.
റോണോ അൽ നസറുമായി ഒപ്പുവെച്ച കരാറിലാണ് ഈ വ്യത്യസ്തമായ നിർദേശം ഉള്ളത്.
മാർക്കയുടെ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മുതൽ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നങ്ങൾ അവസാനിച്ചിട്ടില്ല എന്നതിൽ സന്തോഷം പങ്കിടുകയാണ് ആരാധകർ.
140 ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ നിന്നും റോണോ ഇത് വരെ അടിച്ച് കൂട്ടിയത്.
അതേസമയം തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.
ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും യുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം പിരിയുകയായിരുന്നു.
Content Hihlights: Ronaldo can play Premier League and Champions League; Fans are shocked by the contract terms