വൻ തുക മുടക്കിയാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബ് അൽ നസർ ടീമിലെത്തിച്ചിരിക്കുന്നത്.
ഏകദേശം 225മില്യൺ യൂറോയാണ് താരത്തിന് പ്രതിവർഷം പ്രതിഫലമായി ക്ലബ്ബിൽ നിന്നും ലഭിക്കുന്നത്. കൂടാതെ ക്ലബ്ബിൽ പ്ലെയർ എന്ന നിലയിൽ കരിയർ അവസാനിപ്പിച്ചാൽ കോച്ചായി തുടരാനും അൽ നസർ റോണോക്ക് അവസരമൊരുക്കും.
റൊണാൾഡോയെ ക്ലബ്ബിൽ എത്തിച്ചതിന് പിന്നാലെ റോണോയുടെ പഴയ സഹതാരങ്ങളായ സെർജിയോ റാമോസ്, ലൂക്കാ മോഡ്രിച്ച് എന്നിവരെയും ടീമിലെത്തിക്കാൻ അൽ നസർ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ അവരൊന്നും ക്ലബ്ബിൽ ചേരാൻ തയാറായില്ല.
എന്നാലിപ്പോൾ റോണോ തന്റെ പോർച്ചുഗീസ് സഹ താരമായ പെപ്പയെ അൽ നസറിലെത്തിക്കാൻ ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നിലവിൽ 39വയസുള്ള പെപ്പെ മുമ്പ് റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹതാരമായിരുന്നു.
നിലവിൽ എഫ്.സി പോർട്ടോക്ക് വേണ്ടിയാണ് പോർച്ചുഗീസ് ലീഗിൽ താരം കളിക്കുന്നത്. പെപ്പെ അൽ നസറിലെത്തിയാൽ തനിക്ക് ഒരു പരിചിത സാഹചര്യം അൽ നസറിൽ ഒരുങ്ങും എന്ന ധാരണയിലാണ് പെപ്പെയെ ക്ലബ്ബിലെത്തിക്കാൻ റോണോ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പിൽ പെപ്പെ, റോണോ സഖ്യം പോർച്ചുഗലിനായി ഒരുമിച്ച് ഇറങ്ങിയിരുന്നു.