'കഴിവ് എന്നൊക്കെ പറഞ്ഞാല്‍ അതാണ്'; കളത്തില്‍ തങ്ങളെ വിറപ്പിച്ച താരത്തെ കുറിച്ച് റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും
Football
'കഴിവ് എന്നൊക്കെ പറഞ്ഞാല്‍ അതാണ്'; കളത്തില്‍ തങ്ങളെ വിറപ്പിച്ച താരത്തെ കുറിച്ച് റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th April 2023, 8:04 am

ഫുട്‌ബോളില്‍ തങ്ങളെ ഒരുപോലെ ഭയപ്പെടുത്തിയിരുന്ന താരത്തിന്റെ പേര് പറഞ്ഞ് ബ്രസീല്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും. ഇറ്റാലിയന്‍ പ്രതിരോധ താരമായിരുന്ന പൗലോ മാല്‍ദിനിയായിരുന്നു കളത്തില്‍ തങ്ങളുടെ പേടി സ്വപ്‌നമെന്ന് ഇരുവരും പറയുകയായിരുന്നു. റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും സീരി എ ക്ലബ്ബില്‍ കളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു.

മാല്‍ദിനി ഒത്തിരി കഴിവുള്ളയാളായിരുന്നുവെന്നും അദ്ദേഹം അപകടകാരിയായ കളിക്കാരനായിരുന്നുവെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. ‘ഫോര്‍ ഫോര്‍ റ്റു’വിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡീഞ്ഞോ മാല്‍ദിനിയെ കുറിച്ച് സംസാരിച്ചത്.

‘കരുത്തനായ എതിരാളിയായിരുന്നു മല്‍ദിനി. ഒത്തിരി കഴിവുള്ള താരം. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അതിശയം തോന്നാതിരിക്കില്ല. മാല്‍ദിനിയോടൊപ്പം കളിക്കുമ്പോള്‍ അത് ബോധ്യമാകും,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞതായി ഫോര്‍ ഫോര്‍ റ്റുവിനെ ഉദ്ധരിച്ച് കൊണ്ട് സ്‌പോര്‍ട് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, റൊണാള്‍ഡോ മാല്‍ദിനിക്ക് പുറമെ ഇറ്റാലിയന്‍ താരങ്ങളായ ഫാബിയോ കാനവരോയെയും അലസാന്‍ഡ്രോ നെസ്റ്റയെയും പ്രശംസിച്ച് സംസാരിച്ചു. കളത്തില്‍ തന്നെ കുഴപ്പിച്ചിരുന്ന താരം മാല്‍ദിനിയായിരുന്നുവെന്നും കാനവരോയും നെസ്റ്റയും കരുത്തരായ എതിരാളികളായിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു.

‘കരിയറില്‍ എന്നെ കുഴപ്പിച്ചിരുന്ന താരത്തിന്റെ പേര് ചോദിച്ചാല്‍ ഞാന്‍ മാല്‍ദിനിയുടെ പേര് പറയും. അദ്ദേഹം വളരെ ശക്തനായ എതിരാളിയായിരുന്നു. അദ്ദേഹത്തോടൊപ്പം തന്നെ കരുത്തരായ പോരാളികളായിരുന്നു കാനവരോയും നെസ്റ്റയും,’ റൊണാള്‍ഡോ പറഞ്ഞു.

കരിയറില്‍ എ.സി മിലാനില്‍ മാത്രമാണ് മല്‍ദിനി കളിച്ചിരുന്നത്. ക്ലബ്ബിന് വേണ്ടി 901 മത്സരങ്ങളിലാണ് താരം കളിച്ചത്. ഇറ്റാലിയന്‍ ദേശീയ ടീമിന് വേണ്ടി താരം 126 തവണയും മാല്‍ദിനി കളിച്ചിട്ടുണ്ട്. 2009ലാണ് താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlights: Ronaldo and Ronaldinho praises Italian defender Paolo Maldini