| Friday, 24th February 2023, 9:34 pm

റൊണാള്‍ഡീന്യോ വീണ്ടും 'ബാഴ്‌സലോണയില്‍' പന്ത് തട്ടും; ആരാധകര്‍ ആവേശത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളും ബ്രസീല്‍ ലെജന്‍ഡുമായ റൊണാള്‍ഡീന്യോ വീണ്ടും ബൂട്ടുകെട്ടുന്നു. സ്‌പെയ്‌നിലെ കിങ്‌സ് ലീഗിലാണ് മുന്‍ ബാഴ്‌സലോണ, എ.സി മിലാന്‍, പി.എസ്.ജി ലെജന്‍ഡ് പന്തുതട്ടാനൊരുങ്ങുന്നത്.

ബാഴ്‌സലോണ നഗരത്തിലെ കുപ്ര അരീന സ്റ്റേഡിയത്തിലാണ് റൊണാള്‍ഡീന്യോ വീണ്ടും മൈതാനത്ത് വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുന്നത്. കിങ്‌സ് ലീഗില്‍ ഇബോയ് ലാനോസിന്റെ പോര്‍സിനോസ് എഫ്.സിക്ക് വേണ്ടിയാണ് ട്വല്‍ത്ത് മാനായാണ് താരം കളത്തിലിറങ്ങുന്നത്.

ഈ ടൂര്‍ണമെന്റില്‍ ഓരോ ടീമിനും ഓരോ ആഴ്ചയിലും ഏതെങ്കിലുമൊരു താരത്തെ പന്ത്രാണ്ടമനായി ടീമിലെത്തിക്കാം. ഈ ഒരാള്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച താരമോ അതല്ല ഫുട്‌ബോളുമായി ഒരു ബന്ധമില്ലാത്ത പ്രശസ്തരായ വ്യക്തികളോ അതുമല്ല സാധാരണക്കാരായ ആളുകളോ ആവാം.

ടൂര്‍ണമെന്റിലെ ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോര്‍സിനോസ് റൊണാള്‍ഡീന്യോയെ ടീമിലെത്തിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഐകര്‍ കസിയസ്, സെര്‍ജിയോ അഗ്യൂറോ, സാവി ഹെര്‍ണാണ്ടസ് തുടങ്ങി നിരവധി താരങ്ങള്‍ കിങ്‌സ് കപ്പില്‍ കളിച്ചിട്ടുണ്ട്.

റൊണാള്‍ഡീന്യോ കളിക്കാനെത്തുന്ന വിവരം കിങ്‌സ് കപ്പിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകരെ അറിയിച്ചതിന് പിന്നാലെ ആരാധകകര്‍ ഒന്നടങ്കം ആവേശത്തിലാണ്.

മത്സരത്തിലേക്ക് റൊണാള്‍ഡീന്യോയെ അവതരിപ്പിച്ചിരിക്കുന്ന രീതിയും ഏറെ രസകരമാണ്.

ഇബായ് ലാനോസും പിക്വെയും ഒരു കഫേയില്‍ ഇരുന്ന് ടീമിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഈ സമയത്ത് ആരെയെങ്കിലും ടീമിലെത്തിക്കാന്‍ ലാനോസിനോട് ആവശ്യപ്പെടുമ്പോള്‍ തൊട്ടടുത്ത ടേബിളിലെ റൊണാള്‍ഡീന്യോയെ ചൂണ്ടി ‘ആരെയെങ്കിലും മതിയോ, അതോ ഇയാളെ ടീമിലെത്തിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും ചോദിച്ചുകൊണ്ടാണ് ടീം റൊണാള്‍ഡീന്യോയെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്.

‘ഐ ജസ്റ്റ് വാണ്ടഡ് റ്റു ഹാവ് ഫണ്‍ ആന്‍ഡ് എന്‍ജോയ്’ എന്നായിരുന്നു ഈ മത്സരത്തില്‍ കളിക്കുന്നതിനെ കുറിച്ച് താരം പറഞ്ഞത്.

ഫെബ്രുവരി 26നാണ് പുതിയ ജേഴ്‌സിയില്‍ ഒരിക്കല്‍ക്കൂടി മൈതാനത്ത് വസന്തം തീര്‍ക്കുക. പോര്‍സിനോസ് എഫ്.സിയും പയോ എഫ്.സിയും തമ്മിലാണ് മത്സരം.

12 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ് പോര്‍സിനോസ് എഫ്.സി.  അവസാന അഞ്ച് മത്സരത്തില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ടീം ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് വിജയവും ഒന്ന് വീതം തോല്‍വിയും സമനിലയുമാണ് ടീമിനുള്ളത്.

അതേസമയം, ഏഴ് മത്സരത്തില്‍ നിന്നും രണ്ട് വിജയത്തോടെ ആറ് പോയിന്റുമായി പട്ടികയില്‍ 11ാം സ്ഥാനത്താണ് പയോ എഫ്.സി.

Content highlight: Ronaldinho to play in King’s League

We use cookies to give you the best possible experience. Learn more