| Monday, 23rd September 2024, 8:32 am

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: പ്രസ്താവനയുമായി റൊണാൾഡീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഈ രണ്ട് താരങ്ങളിലും ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് ഏറ്റവും മികച്ച താരമായി ബ്രസീല്‍ ഇതിഹാസം തെരഞ്ഞെടുത്തത്. സ്‌പോര്‍ട്‌സ് ബൈബിളിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡീഞ്ഞോ.

‘മെസിയാണ് മികച്ച താരം. എനിക്ക് അവനോടൊപ്പം ഒരുമിച്ച് കളിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല. ആ സമയങ്ങളില്‍ അവന്‍ വളരെ ചെറുപ്പമായിരുന്നു. ഒരിക്കല്‍ കൂടി അവനോടൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് എന്നതില്‍ സംശയമില്ല. മെസി ഫുട്‌ബോളില്‍ ചെയ്തത് പോലെ ആരും ചെയ്തിട്ടില്ല. റൊണാള്‍ഡോയും മികച്ചവന്‍ തന്നെയാണ്. അവനും എല്ലാം നേടിയിട്ടുണ്ട്. എന്നാലും എനിക്ക് മെസിയുടെ ശൈലിയാണിഷ്ടം,’ ബ്രസീലിയന്‍ ഇതിഹാസം പറഞ്ഞു.

2004 മുതല്‍ 2008 വരെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് വേണ്ടി റൊണാള്‍ഡീഞ്ഞോയും മെസിയും ഒരുമിച്ച് പന്തുതട്ടിയത്. നീണ്ട മൂന്ന് വര്‍ഷക്കാലം കറ്റാലന്മാര്‍ക്ക് വേണ്ടി അവിസ്മരണീയമായ് നിമിഷങ്ങളാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം 778 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്.

10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്. 2021ലാണ് മെസി ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുന്നത്. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടനമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 30 മത്സരങ്ങളില്‍ നിന്നും 19 വിജയവും ഏഴ് സമനിലയും നാല് തോല്‍വിയുമടക്കം 64 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. സെപ്റ്റംബര്‍ 29ന് ഷാര്‍ലറ്റിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ചേസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Ronaldinho Talks About Lionel Messi

We use cookies to give you the best possible experience. Learn more