| Saturday, 15th June 2024, 1:51 pm

കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ഒരു കളിയും ഞാൻ കാണില്ല, കാരണം അതാണ്: വെളിപ്പെടുത്തലുമായി റൊണാൾഡീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ 21 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രകടനങ്ങള്‍ എങ്ങനെയാകും എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ കളികള്‍ കാണാന്‍ താല്പര്യമില്ലെന്നാണ് റൊണാള്‍ഡീഞ്ഞോ പറഞ്ഞത്. സെലകാവോ ടോക്കിലൂടെ പ്രതികരിക്കുകയായിരുന്നു ബ്രസീലിയന്‍ ഇതിഹാസം.

‘കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ കളികള്‍ ഒന്നും കാണാന്‍ ഞാന്‍ പോകുന്നില്ല. എല്ലാം നഷ്ടപ്പെട്ടു ടീമിന്റെ നിശ്ചയദാര്‍ഢ്യം സന്തോഷം എല്ലാം. ഇപ്പോള്‍ മികച്ച കളിയല്ല കളിക്കുന്നത് അതുകൊണ്ടുതന്നെ ഞാന്‍ ഒരു കളി പോലും കാണാന്‍ പോകുന്നില്ല,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

സമീപകാലങ്ങളില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ബ്രസീലിയന്‍ ടീമിന് സാധിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിലെ അവസാന 8 കളികളില്‍ രണ്ടെണ്ണം മാത്രമാണ് കാനറി പട വിജയിച്ചത്. ലോകകപ്പ് ക്വാളിഫയര്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇപ്പോള്‍ ബ്രസീല്‍ ഉള്ളത്.

ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കോപ്പ അമേരിക്ക കിരീടം മാത്രമാണ് കാനറികള്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനായിരിക്കും ബ്രസീല്‍ ഈ ടൂര്‍ണമെന്റില്‍ ലക്ഷ്യമിടുക.

വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, എന്‍ഡ്രിക് തുടങ്ങിയ യുവനിരയുമായാണ് ബ്രസീല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍താരം നെയ്മറിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.  ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വയ്ക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ നെയ്മര്‍ ഫുട്‌ബോള്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയായിരുന്നു.

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ ഇടം നേടിയിട്ടുള്ളത്. ബ്രസീലിനൊപ്പം കൊളംബിയ, പാരാഗ്വ, കോസ്റ്റാറിക്ക എന്നീ ടീമുകളുമാണ് കിരീടത്തിനായി മത്സരിക്കുന്നത്. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ജൂണ്‍ 25നാണ് ബ്രസീല്‍ ഇറങ്ങുന്നത്. സോഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് കാനറിപടയുടെ എതിരാളികള്‍.

Content Highlight: Ronaldinho talks about Brazil Football Team

We use cookies to give you the best possible experience. Learn more