കരിയറില്‍ പലര്‍ക്കുമൊപ്പം കളിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. എ.ബി. ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റിയാനോക്കൊപ്പം കളിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് റൊണാള്‍ഡീഞ്ഞോ സംസാരിച്ചത്.
‘മെസിക്കും റൊണാള്‍ഡോക്കുമൊപ്പം ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്. എനിക്ക് കളിക്കാന്‍ സാധിക്കാതിരുന്നത് ക്രിസ്റ്റ്യാനോക്കൊപ്പമാണ്. കരിയറില്‍ അവനോടൊപ്പം കളം പങ്കുവെക്കാനുള്ള അവസരം നഷ്ടമായി. ആ കോമ്പിനേഷന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു എക്‌സ്പീരിയന്‍സ് ലഭിക്കാതെ പോയി,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.
കരിയറില്‍ പി.എസ്.ജിയിലും ബാഴ്‌സലോണയിലും എ.സി മിലാനിലും കളിച്ചിട്ടുള്ള താരമാണ് റൊണാള്‍ഡീഞ്ഞോ. 2002ല്‍ ബ്രസീല്‍ ലോകകപ്പ് ജേതാക്കളാകുമ്പോള്‍ റൊണാള്‍ഡോ നസാരിയോക്കൊപ്പം റൊണാള്‍ഡീഞ്ഞോയും ദേശീയ ടീമിനായി ബൂട്ടുകെട്ടിയിരുന്നു. ബാഴ്‌സലോണയിലാണ് റൊണാള്‍ഡീഞ്ഞോ മെസിക്കൊപ്പം മനോഹരമായ അധ്യായങ്ങള്‍ തീര്‍ത്തത്.
എന്നാല്‍ ക്രിസ്റ്റിയാനോക്കൊപ്പം കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. അതേസമയം, 2010-11 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡീഞ്ഞോ എ.സി മിലാന് വേണ്ടി കളിക്കുമ്പോള്‍ എതിര്‍ ടീമായ റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റിയാനോയും ഉണ്ടായിരുന്നു.
Content Highlights: Ronaldinho says he missed playing with Cristiano Ronaldo