ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീന്യോ ഒരിക്കല്‍ നെയ്മര്‍ ജൂനിയറിനെ മെസിക്കും റൊണാള്‍ഡോക്കുമൊപ്പം കഴിവുറ്റ താരമെന്ന് വിശേഷിപ്പിച്ചിരുന്നു. നെയ്മര്‍ ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയെന്നും 2017ല്‍ നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡീന്യോ പറഞ്ഞിരുന്നു.
യു.എ.ഇ ന്യൂസ് പേപ്പറായ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രസീല്‍ ഇതിഹാസം നെയ്മറിനെ കുറിച്ച് സംസാരിച്ചത്.
‘നെയ്മര്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. നിലവില്‍ ബ്രസീലിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ഐഡലും അവന്‍ തന്നെയാണ്. അവന്‍ ഇതിനോടകം തന്നെ മെസിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും അതേ ലെവലില്‍ എത്തിയിരിക്കുകയാണ്.
അവന്‍ ഇതേ പ്രകടനം തന്നെ തുടരുമെന്നും ഒരിക്കല്‍ ബാലന്‍ ഡി ഓര്‍ നേടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. അവന്‍ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പമാണ്. ഇനി കാത്തിരുന്നാല്‍ മാത്രം മതി,’ എന്നായിരുന്നു റോണി അന്ന് പറഞ്ഞിരുന്നത്.
റൊണാള്‍ഡീന്യോ ഇത് അഭിപ്രായപ്പെട്ട അതേ 2017ല്‍ തന്നെയാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനമായി ഭാവിയില്‍ ഇത് വിലയിരുത്തപ്പെട്ടു.
ഒരുപക്ഷേ അദ്ദേഹം ബാഴ്‌സയില്‍ തുടര്‍ന്നിരുന്നെങ്കില്‍ കറ്റാലന്‍മാര്‍ക്കൊപ്പം അനേകം കിരീടവും ബാലണ്‍ ഡി ഓറും നേടാന്‍ സാധിക്കുമായിരുന്നു.
പി.എസ്.ജിയില്‍ മികച്ച പ്രകടനം തുടര്‍ന്നെങ്കിലും പരിക്കുകള്‍ വില്ലനായി. ശേഷം സൗദി ക്ലബ്ബായ അല്‍ ഹിലാലുമായി കരാറിലെത്തി. അവിടെയും പരിക്കുകള്‍ താരത്തെ വിടാതെ പിന്തുടര്‍ന്നു.
അതേസമയം, നീണ്ട 369 ദിവസങ്ങള്‍ക്ക് ശേഷം നെയ്മര്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഐനിനെതിരായണ് താരം കളത്തിലിറങ്ങിയത്. മത്സരത്തില്‍ അല്‍ ഹിലാല്‍ നാലിനെതിരെ അഞ്ച് ഗോളിന് വിജയം സ്വന്തമാക്കിയിരുന്നു.
മത്സരം അവസാനിക്കാന്‍ 13 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളത്തിലിറങ്ങുന്നത്. കളത്തിലിറങ്ങിയ ഉടന്‍ തന്നെ ഉതിര്‍ത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ മാത്രമാണ് ഗോളാകാതെ പോയത്.
ഒക്ടോബറിലാണ് നെയ്മറിന് കാല്‍മുട്ടിന് പരിക്കേറ്റത്. പ്രതിഭ മങ്ങിയില്ലെന്ന് തെളിയിക്കുന്നതായി 369 ദിവസങ്ങള്‍ക്കുശേഷമുള്ള ആദ്യ മത്സരം. 2023 ഓഗസ്റ്റില്‍ സൗദിയിലെത്തിയ താരത്തിന് അഞ്ച് മത്സരം മാത്രമാണ് ഇതുവരെ കളിക്കാന്‍ സാധിച്ചത്.
Content highlight: Ronaldinho’s comment about Neymar resurfaces