സാമുവല്‍ ഏറ്റു, യായ ടുറേ, ദിദിയര്‍ ദ്രോഗ്ബ എന്നിങ്ങനെ പ്രഗത്ഭരായ നിരവധി താരങ്ങള്‍ക്കൊപ്പം കരിയര്‍ പങ്കുവെച്ചിട്ടുള്ള താരമാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. എന്നാല്‍ ആഫ്രിക്കന്‍ താരങ്ങളില്‍ തനിക്കേറ്റവും ബെസ്റ്റ് എന്ന് തോന്നിയത് മുഹമ്മദ് സലാ ആണെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. സലായെ കുറിച്ച് താരം മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.
‘ആഫ്രിക്കയില്‍ നിന്നുള്ള പ്രഗത്ഭരായ നിരവധി താരങ്ങളെ കണ്ടിട്ടുണ്ട്. സാമുവല്‍ ഏറ്റു, യായ ടുറേ, ദിദിയര്‍ ദ്രോഗ്ബ എന്നിങ്ങനെ എന്റെ സമയത്ത് പലരെയും കണ്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് ആഫ്രിക്കന്‍ താരങ്ങളില്‍ ഏറ്റവും ബെസ്റ്റ് മുഹമ്മദ് സലായാണ്,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.
ഇതിനിടെ സലാ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദുമായി സൈനിങ് നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 65 ദശലക്ഷം പൗണ്ട് വാര്‍ഷിക പ്രതിഫലത്തില്‍ താരം അല്‍ ഇത്തിഹാദുമായി കരാറിലെത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് രംഗത്തെത്തിയിരുന്നു.
സലായെ വില്‍പ്പനക്ക് വെച്ചിട്ടില്ലെന്നും അല്‍ ഇത്തിഹാദില്‍ നിന്ന് അങ്ങനെയൊരു ഓഫര്‍ വന്നിട്ടില്ലെന്നുമാണ് ക്ലോപ്പ് പറഞ്ഞത്. ന്യൂ കാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ക്ലോപ്പ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചത്.
‘മാധ്യമ വാര്‍ത്തകളെ കുറിച്ച് സംസാരിക്കുക എല്ലായിപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, എനിക്കിതുപോലെയുള്ള വിഷയത്തില്‍ ഒന്നും പറയാനില്ല. ഞങ്ങള്‍ക്ക് അത്തരത്തില്‍ ഒരു ഓഫര്‍ ഉണ്ടായിട്ടില്ല. ഇനി ആരെങ്കിലും സലാക്ക് വേണ്ടി സമീപിച്ചിട്ടുണ്ടെങ്കില്‍ തന്നെ നോ എന്നാണ് ആന്‍സര്‍,’ ക്ലോപ്പ് പറഞ്ഞു.
മൂന്ന് വര്‍ഷത്തേക്കാണ് കരാറെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഇത്തിഹാദ് സലായ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. 62 ദശലക്ഷം പൗണ്ടാണ് അല്‍ നസ്റില്‍ റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം.
സൗദി ക്ലബ്ബില്‍ നിന്ന് വാഗ്ദാനമുണ്ടെന്ന വാര്‍ത്തകള്‍ സലായുടെ ഏജന്റ് റാമി അബ്ബാസും നേരത്തെ നിഷേധിച്ചിരുന്നു. ആഴ്ചയില്‍ 1.25 മില്യണ്‍ പൗണ്ടിന്റെ പ്രതിഫലമെന്നതായിരുന്നു ഇത്തിഹാദിന്റെ വാഗ്ദാനം. സൗദിയിലെ വരുമാനത്തിന് നികുതി നല്‍കേണ്ടാത്തതിനാല്‍ ഇത് കളിക്കാരെ സംബന്ധിച്ചിടത്തോളം മോഹവാഗ്ദാനമാണ്.
ഇതിന് പുറമെ ഡേവിഡ് ബെക്കാം എം.എല്‍.എസിലേക്ക് മാറുമ്പോള്‍ നല്‍കിയതുപോലെ ഭാവിയില്‍ ക്ലബ്ബില്‍ ഓഹരി പങ്കാളിത്തവും സലാക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സലായെ ക്ലോപ്പ് മുഴുവന്‍ സമയവും കളിപ്പിച്ചിരുന്നില്ല. 77ാം മിനിട്ടില്‍ തിരിച്ചുവിളിച്ചതില്‍ താരം കോച്ചിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സബ് ചെയ്തതിലൂടെ രണ്ട് റെക്കോഡുകള്‍ നേടാനുള്ള അവസരമാണ് സലാക്ക് നഷ്ടമായത്.
Content Highlights: Ronaldinho praises Mohammed Salah