| Tuesday, 31st October 2023, 2:40 pm

'ഒരിക്കല്‍ കൂടി ലോകത്തിലെ ഏറ്റവും മികച്ച താരം'; മെസിയെ പ്രശംസിച്ച് റൊണാള്‍ഡീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ബാലണ്‍ ഡി ഓര്‍ നേട്ടത്തിന് പിന്നാലെ ലയണല്‍ മെസിയെ പ്രശംസിച്ച് ബാഴ്‌സലോണയിലെ മെസിയുടെ മുന്‍ സഹതാരവും ബ്രസീല്‍ ഇതിഹാസവുമായ റൊണാള്‍ഡീഞ്ഞോ. ഒരിക്കല്‍ കൂടി ലോകത്തിലെ ഏറ്റവും മികച്ച താരമായി മെസി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്ന് റൊണാള്‍ഡീഞ്ഞോ എക്‌സില്‍ കുറിക്കുകയായിരുന്നു.

‘അഭിനന്ദനങ്ങള്‍, ലിയോ മെസി ഒരിക്കല്‍ കൂടി ലോകത്തിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരുപാട് സന്തോഷം തോന്നുന്നു, ബ്രദര്‍… എ ബിഗ് ഹഗ്,’ റൊണാള്‍ഡീഞ്ഞോ എക്‌സില്‍ കുറിച്ചു.

2005ല്‍ ബാഴ്‌സക്കായി കളിക്കുമ്പോള്‍ റൊണാള്‍ഡീഞ്ഞോ ബാലണ്‍ ഡി ഓറിന് അര്‍ഹനായിരുന്നു. ഇരുവര്‍ക്കും ക്യാമ്പ്‌നൗവില്‍ മികച്ച സൗഹൃദം പങ്കുവെക്കാന്‍ സാധിച്ചിരുന്നു. 2004ല്‍ ബാഴ്‌സയിലെ മെസിയുടെ ആദ്യ ഗോളിന് റൊണാള്‍ഡീഞ്ഞോ ആയിരുന്നു അസിസ്റ്റ് നല്‍കിയിരുന്നത്.

അതേസമയം, കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്.

മെസിക്ക് ശക്തമായ പോരാട്ടം നല്‍കിയിരുന്നത് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് ആണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Ronaldinho praises Lionel Messi after the Ballon d’Or win

Latest Stories

We use cookies to give you the best possible experience. Learn more