| Thursday, 25th May 2023, 3:58 pm

'അദ്ദേഹം കാല്‍പന്ത് കളിയില്‍ പരീക്ഷിച്ചത് മറ്റാരും മുമ്പ് കണ്ടിട്ടുണ്ടാകില്ല'; ഇതിഹാസ താരത്തെ കുറിച്ച് റൊണാള്‍ഡീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ റൊണാള്‍ഡോ നസാരിയോ ആണെന്ന് റൊണാള്‍ഡീഞ്ഞോ. കാല്‍പന്ത് കളിയില്‍ പുതിയ ശൈലി കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും താന്‍ റൊണാള്‍ഡോയെ മാതൃകയാക്കിയിട്ടുണ്ടെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. ആര്‍.എം.സി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഫുട്‌ബോളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരം റൊണാള്‍ഡോ നസാരിയോ ആണ്. അദ്ദേഹം ഫുട്‌ബോളിനെ തന്നെ മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ വേഗതയും കരുത്തും ടെക്‌നിക്കുകളും ശ്രദ്ധേയമാണ്. റൊണാള്‍ഡോ . അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊരുമിച്ച് കളിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

അതേസമയം, റൊണാള്‍ഡോയെ പ്രശംസിച്ച് എ.സി. റോമ കോച്ച് ഹോസെ മൊറീഞ്ഞോയും രംഗത്തെത്തിയിരുന്നു. ആധുനിക ഫുട്ബോളിലെ മികച്ച താരങ്ങളെ കുറിച്ച് ചോദിച്ചാല്‍ ആളുകള്‍ രണ്ടാമതൊന്നാലോചിക്കാതെ മെസിയുടെയും റൊണാള്‍ഡോയുടെയും പേരുകള്‍ പറയും. എന്നാല്‍ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇവര്‍ രണ്ടുമല്ലെന്നും കരിയറില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് റൊണാള്‍ഡോ നസാരിയോ ആണെന്നുമാണ് എ.സി. റോമ കോച്ച് ഹോസെ മൊറീഞ്ഞോ പറഞ്ഞത്.

‘മെസിക്കും റൊണാള്‍ഡോക്കും നീണ്ട കരിയര്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും അവര്‍ തന്നെയാണ് ടോപ്പ്. എന്നാല്‍ ടാലന്റിനെയും സ്‌കില്ലുകളെയും കുറിച്ച് പറയുകയാണേല്‍ റൊണാള്‍ഡോ നസാരിയെയോ കടത്തി വെട്ടാന്‍ ആര്‍ക്കുമാവില്ല.

റൊണാള്‍ഡോ ബാഴ്സലോണയിലായിരുന്നപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അദ്ദേഹമാണ്. അന്നത്തെ ആ 19കാരന്റെ കഴിവ് പ്രശംസിക്കാതിരിക്കാനാവില്ല,’ മൊറീഞ്ഞോ പറഞ്ഞു.

ബ്രസീല്‍ ദേശീയ ടീമിനായി കളിച്ച 98 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയിട്ടുള്ളത്. ടീം ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് റൊണാള്‍ഡോ. അതേസമയം ക്ലബ്ബ് കരിയറില്‍ 295 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.

Content Highlights: Ronaldinho praise Ronaldo Nazario

We use cookies to give you the best possible experience. Learn more