| Wednesday, 21st December 2022, 12:56 pm

റൊണാള്‍ഡീഞ്ഞോ, എംബാപ്പെ, മെസി; ലോകകപ്പ് ജയത്തിന് പിന്നില്‍ പി.എസ്.ജി?

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് 2022ല്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തിയാണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്തുക എന്ന ഇതിഹാസ താരം ലയണല്‍ മെസിയുടെ സ്വപ്‌ന സാക്ഷാത്കാരമാണ് ഇതിലൂടെ നടന്നത്.

ഖത്തര്‍ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആരാധകരില്‍ ചിലര്‍ മെസി കപ്പടിക്കുമെന്ന് പ്രവചിച്ചിരുന്നു. അത് മെസിയോടുള്ള ആരാധന കൊണ്ട് മാത്രമല്ല. സ്പാനിഷ് ക്ലബ്ബായ പി.എസി.ജിയിലേക്ക് ചേക്കേറിയ താരങ്ങള്‍ തൊട്ടടുത്ത വര്‍ഷം ലോക ചാമ്പ്യന്മാരാകുമെന്ന ചരിത്രമുണ്ടെന്നായിരുന്നു അവരുടെ വാദം.

ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടിയത് ബ്രസീല്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയെയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുമാണ്.

റൊണാള്‍ഡീഞ്ഞോ 2001ലാണ് പി.എസ്.ജിയിലെത്തിയത്. തൊട്ടടുത്ത് വര്‍ഷം ബ്രസീല്‍ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരാവുകയും ചെയ്തു. അതേസമയം 2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ 2017ലാണ് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ സൈന്‍ ചെയ്യുന്നത്.

അത്ഭുതമെന്ന് പറയട്ടെ 2021ല്‍ ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബില്‍ ജോയിന്‍ ചെയ്യുകയും തൊട്ടടുത്ത വര്‍ഷമായ 2022ല്‍ തന്റെ കരിയറിലെ ആദ്യ വിശ്വകിരീടം നേടുകയും ചെയ്തു.

വളരെ രസകരവും കൗതുകകരവുമായ ഈ മിത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇങ്ങനെയെങ്കില്‍ 2026ല്‍ ആര് ലോക ചാമ്പ്യന്മാരാകുമെന്ന് തൊട്ട് മുമ്പത്തെ വര്‍ഷം തന്നെ അറിയാനാകുമല്ലോ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഈ വിഷയം ചര്‍ച്ചയായതിന് പിന്നാലെ പി.എസ്.ജി പ്രസിഡണ്ട് പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവിച്ചത് എന്താണെങ്കിലും തന്റെ ക്ലബ്ബില്‍ ഒരു ലോക ചാമ്പ്യന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlights: Ronaldinho, Kylian Mbappe and Lionel Messi have all won the World Cup right after they joined Paris Saint-Germain

We use cookies to give you the best possible experience. Learn more