മെസിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. രണ്ട് പ്ലെയേഴ്സിനും അവരുടേതായ മികച്ചവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റൊണാള്‍ഡീഞ്ഞോ ഇരുവരിലും തനിക്ക് പ്രിയപ്പെട്ട താരം ആരെന്നും പറഞ്ഞു.
‘മെസി ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. മെസി മൈതാനത്ത് പ്രകടിപ്പിക്കുന്ന കളിമികവ് മറ്റാര്‍ക്കും കാഴ്ച വെക്കാന്‍ സാധിക്കില്ല. എന്നാല്‍ റൊണാള്‍ഡോയെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം പൂര്‍ണനായ കളിക്കാരനാണ്.
കളിക്കളത്തില്‍ ഒരു താരത്തിന് എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമുണ്ടോ, അതെല്ലാം റൊണാള്‍ഡോയിലുണ്ട്. പക്ഷെ ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ അത് ഓരോരുത്തരുടെയും അഭിരുചിയെ ആശ്രയിച്ചിരിക്കും എന്നാണ് എന്റെ മറുപടി. എന്റെ അഭിപ്രായത്തില്‍ മെസി തന്നെയാണ് ഏറ്റവും മികച്ച പ്ലെയര്‍,’ റോണാള്‍ഡീഞ്ഞോ പറഞ്ഞു.
മെസിക്കൊപ്പം കളിക്കുകയെന്നത് തന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹത്തിനൊപ്പം ഒരുപാട് സമയം ഒരുമിച്ച് കളിക്കാന്‍ സാധിച്ചിട്ടില്ലെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. 2020ല്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലാണ് മികച്ച താരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് റോണാള്‍ഡീഞ്ഞോ വ്യക്തമാക്കിയത്.
കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.
രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.
അതേസമയം, മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.
കഴിഞ്ഞ ദിവസമാണ് മയാമി മെസിയെ അവതരിപ്പിച്ചത്. ആരാധകരാല്‍ തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം കയ്യടികളോടെയാണ് തങ്ങളുടെ ലോക ചാമ്പ്യനെ സ്വീകരിച്ചത്. ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്സിയിലാണ് മെസി കളിക്കുക.
Content Highlights: Ronaldinho compares Lionel Messi and Cristiano Ronaldo