| Monday, 12th June 2023, 10:59 pm

മെസിയോ റോണോയോ? ആരാണ് ഗോട്ട് എന്ന് റൊണാള്‍ഡീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് മെസിയും റൊണാള്‍ഡോയും. ഒരു പതിറ്റാണ്ടിലേറെ കാലമായി മികച്ച താരം ആര് എന്ന മത്സരത്തില്‍ പരസ്പരം പോരടിക്കുകയാണ് ഇരു താരങ്ങളും.

ലോകഫുട്‌ബോളിലെ തന്നെ നിലവിലെ G.O.A.T(Greatest Of All Time ) ആരെന്ന തര്‍ക്കത്തില്‍ മെസിയുടെയും റൊണാള്‍ഡോയുടെയും പക്ഷം പിടിച്ച് ഇരു ചേരിയിലാണ് ഭൂരിഭാഗം ഫുട്‌ബോള്‍ ആരാധകരും.

മെസിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. രണ്ട് പ്ലെയേഴ്‌സിനും അവരുടേതായ മികച്ചവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റൊണാള്‍ഡീഞ്ഞോ ഇരുവരിലും തനിക്ക് പ്രിയപ്പെട്ട താരം ആരെന്നും പറഞ്ഞു.

‘മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. മെസി മൈതാനത്ത് പ്രകടിപ്പിക്കുന്ന കളിമികവ് മറ്റാര്‍ക്കും കാഴ്ച വെക്കാന്‍ സാധിക്കില്ല. എന്നാല്‍ റൊണാള്‍ഡോയെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം പൂര്‍ണനായ കളിക്കാരനാണ്.

കളിക്കളത്തില്‍ ഒരു താരത്തിന് എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമുണ്ടോ, അതെല്ലാം റൊണാള്‍ഡോയിലുണ്ട്. പക്ഷെ ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ അത് ഓരോരുത്തരുടെയും അഭിരുചിയെ ആശ്രയിച്ചിരിക്കും എന്നാണ് എന്റെ മറുപടി. എന്റെ അഭിപ്രായത്തില്‍ മെസി തന്നെയാണ് ഏറ്റവും മികച്ച പ്ലെയര്‍,’ റോണാള്‍ഡീഞ്ഞോ പറഞ്ഞു.

മെസിക്കൊപ്പം കളിക്കുകയെന്നത് തന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹത്തിനൊപ്പം ഒരുപാട് സമയം ഒരുമിച്ച് കളിക്കാന്‍ സാധിച്ചിട്ടില്ലെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. 2020ല്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലാണ് മികച്ച താരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് റോണാള്‍ഡീഞ്ഞോ വ്യക്തമാക്കിയത്.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇതിനിടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി എം.എല്‍.എസ്.ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് പോകാനൊരുങ്ങുകയാണ്. ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ താരം തന്നെയാണ് അമേരിക്കന്‍ ക്ലബ്ബുമായി സൈനിങ് നടത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്തുക. നിലവില്‍ ലീഗില്‍ 15ാം സ്ഥാനത്ത് തുടരുന്ന ഇന്റര്‍ മിയാമിയെ ടോപ്പിലെത്തിക്കാന്‍ മെസിക്ക് സാധിക്കുമെന്നാണ് പ്രമുഖ ഫുട്ബോള്‍ താരങ്ങളടക്കം പലരുടെയും വിലയിരുത്തല്‍.

Content Highlight: Ronaldinho chooses the best in Messi – Ronaldo Goat debate

We use cookies to give you the best possible experience. Learn more