|

ഇരുവരും പ്രതിഭകളാണ്; കൂടുതല്‍ പ്രിയം മെസിയോട്; ഗോട്ട് ഡിബേറ്റില്‍ ബ്രസീല്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഒരു പതിറ്റാണ്ടിലേറെ കാലമായി മികച്ച താരം ആര് എന്ന മത്സരത്തില്‍ പരസ്പരം പോരടിക്കുകയാണ് ഇരു താരങ്ങളും.

ലോകഫുട്ബോളിലെ തന്നെ നിലവിലെ G.O.A.T(Greatest Of All Time ) ആരെന്ന തര്‍ക്കത്തില്‍ മെസിയുടെയും റൊണാള്‍ഡോയുടെയും പക്ഷം പിടിച്ച് ഇരു ചേരിയിലാണ് ഭൂരിഭാഗം ഫുട്ബോള്‍ ആരാധകരും.

എന്നാല്‍ മെസിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യത്തിന് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. 2020ല്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ റൊണാള്‍ഡീഞ്ഞോ പങ്കുവെച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

രണ്ട് പ്ലെയേഴ്സിനും അവരുടേതായ മികച്ച വശങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ട റൊണാള്‍ഡീഞ്ഞോ, എന്നാല്‍ ഇരുവരിലും വെച്ച് ഒരു താരത്തെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു.

‘മെസി ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. മെസി മൈതാനത്ത് പ്രകടിപ്പിക്കുന്ന കളിമികവ് മറ്റാര്‍ക്കും കാഴ്ച വെക്കാന്‍ സാധിക്കില്ല. എന്നാല്‍ റൊണാള്‍ഡോയെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം പൂര്‍ണനായ കളിക്കാരനാണ്.

കളിക്കളത്തില്‍ ഒരു താരത്തിന് എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമുണ്ടോ, അതെല്ലാം റൊണാള്‍ഡോയിലുണ്ട്. പക്ഷെ ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ അത് ഓരോരുത്തരുടെയും അഭിരുചിയെ ആശ്രയിച്ചിരിക്കും എന്നാണ് എന്റെ മറുപടി.എന്റെ അഭിപ്രായത്തില്‍ മെസി തന്നെയാണ് ഏറ്റവും മികച്ച പ്ലെയര്‍,’ റോണാള്‍ഡീഞ്ഞോ പറഞ്ഞു.

‘മെസിയുടെ ഒപ്പം കളിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം പകരുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് ഒരുപാട് സമയം ഒരുമിച്ച് കളിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ ഒരിക്കല്‍ കൂടി മെസിക്കൊപ്പം കളിക്കണം എന്നാണ് എന്റെ ആഗ്രഹം,’ റോണാള്‍ഡീഞ്ഞോ കൂട്ടിച്ചേര്‍ത്തു.

Content Highlights: Ronaldinho chooses Lionel Messi in GOAT debate