ആംസ്റ്റര്‍ഡാം: തോറ്റെന്ന് ഉറപ്പിച്ച സമയത്തായിരുന്നു യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിക്കെതിരെ നെതര്‍ലന്‍ഡിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ജര്‍മനിയുടെ യുവത്വത്തിന് മുമ്പില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ഓറഞ്ച് പട ഒരിക്കലും ഒരു തിരിച്ചുവരവ് സ്വപ്‌നം കണ്ടിരുന്നില്ല.
പക്ഷെ കുമ്മായവരക്ക് പുറത്ത് തന്ത്രം മെനഞ്ഞ നെതര്‍ലന്‍ഡിന്റെ ചാണക്യന്‍ റൊണാള്‍ഡ് കോമന്റെ അവസാന അടവ് നിര്‍ണായക സമനിലയാണ് വാന്‍ഡിജിക്കിനും സംഘത്തിനും സമ്മാനിച്ചത്.
ഓറഞ്ചുപടയുടെ തിരിച്ചുവരവ് അവിശ്വസനീയമെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തിയത്. എന്നാല്‍ സമനില ഒരുക്കിയത് കോച്ചിന്റെ തന്ത്രമായിരുന്നുവെന്നാണ് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: കൈയെത്തും ദൂരെ ആറാം സ്വര്‍ണ്ണം; മേരി കോം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍
മത്സരത്തില്‍ നിര്‍ണായക മാറ്റമായിരുന്നു കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേ പ്രതിരോധതാരമായ വിര്‍ജിലിനെ മുന്നേറ്റതാരമാക്കി പരിശീലകന്‍ മാറ്റുന്നത്. പരിശീലകന്‍ കൈമാറിയ കുറിപ്പിലൂടെ ആയിരുന്നു മത്സരഗതി മാറ്റിയ നിര്‍ണായക മാറ്റം.
അസാധ്യ ആംഗിളുകളില്‍ നിന്ന് ഗോള്‍ നേടാനുള്ള വിര്‍ജിലിന്റെ കഴിവും ഉയരവുമാണ് മാറ്റത്തിന് കോമനെ പ്രേരിപ്പിച്ചത്.
ഏല്‍പിച്ച ദൗത്യം മനോഹരമായി വിര്‍ജില്‍ നടപ്പിലാക്കി. കളിയവസനാക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ വിര്‍ജിലിന്റെ മനോഹര വോളിയിലൂടെ ഓറഞ്ച് പട സമനിലയും സ്വന്തമാക്കി.
ലോകകപ്പില്‍ യോഗ്യത നേടാതിരുന്ന ടീം ഗംഭീര തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാംപ്യരായ ഫ്രാന്‍സിനേയും തോല്‍പിച്ച് മരണഗ്രൂപ്പില്‍ ചാംപ്യന്‍മാരായാണ് നെതര്‍ലന്‍ഡ് നേഷന്‍സ് ലീഗ് സെക്കന്‍ഡ് റൗണ്ടിലെത്തിയത്.