| Tuesday, 28th June 2022, 3:44 pm

സാവിയൊക്കെ ഏത് കാലത്താണ് കളിക്കുന്നത്? ലെവന്‍ഡോസ്‌കിയൊക്കെ വന്നിട്ട് എന്ത് കാണിക്കാനാണ്? സാവിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് സപാനിഷ് ക്ലബ്ബായ ബാഴ്‌സലോണ. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വളരെ മോശം അവസ്ഥയിലൂടെയാണ് ക്ലബ്ബ് മുന്നോട്ടുനീങ്ങുന്നത്.

ടീമില്‍ നിന്നും പല സൂപ്പര്‍ താരങ്ങളും കൂടുമാറ്റം നടത്തിയിരുന്നു. ലയണല്‍ മെസിയുടെ കൂടുമാറ്റം ടീമിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ പുതിയ കോച്ചും മുന്‍ ബാഴ്സ താരവുമായിരുന്ന സാവിയുടെ കീഴില്‍ തിരിച്ചുവരവിന്റെ പാതയിലാണ് ടീമിപ്പോള്‍.

എന്നാല്‍ ഇപ്പോഴിതാ സാവിയുടെ കോച്ചിങ് രീതിയെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ബാഴ്‌സ താരവും കോച്ചുമായിരുന്ന റൊണാള്‍ഡ് കോമന്‍. ബാഴ്സലോണ ഇപ്പോഴും ഭൂതകാലത്തില്‍ ജീവിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

4-3-3 എന്ന ഫോര്‍മേഷനില്‍ ടീം എത്ര നാള്‍ പിടിച്ച് നില്‍ക്കുമെന്ന് വ്യക്തമല്ലെന്നും കോമന്‍ പറഞ്ഞു. സാവി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തന്ത്രങ്ങളിലും കോമന്‍ സംശയം പ്രകടിപ്പിച്ചു.

‘മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് എനിക്ക് താല്‍പര്യമുള്ള കാര്യമാണ്. നിങ്ങള്‍ മൂന്നു സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാര്‍, അല്ലെങ്കില്‍ അഞ്ചു ഡിഫെന്‍ഡര്‍മാരെ വെച്ചു കളിപ്പിച്ചാല്‍ അതൊരിക്കലും പ്രതിരോധശൈലിയാണെന്ന് പറയാന്‍ കഴിയില്ല. ഈ ശൈലിയും വെച്ച് മൂന്നോ നാലോ മാസങ്ങള്‍ ഞങ്ങള്‍ സമീപകാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിച്ചിരുന്നു,’ കോമന്‍ പറഞ്ഞു.

‘ഇപ്പോഴത്തെ ബാഴ്‌സയുടെ കളിശൈലി വളരെ പഴയതാണ്. ടികി-ടാകയൊക്കെ ഫുട്‌ബോളിന്റെ ഇപ്പോഴത്തെ ശൈലിക്ക് ചേരുന്നതല്ല. ഫുട്‌ബോള്‍ ഇപ്പോള്‍ കൂടുതല്‍ വേഗത നിറഞ്ഞതാണ്, കൂടുതല്‍ കായികപരമാണ്. നമുക്ക് ഭൂതകാലത്തില്‍ ജീവിക്കാന്‍ കഴിയില്ല,” കോമന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി വര്‍ഷങ്ങളായി 4-3-3 എന്ന ശൈലിയില്‍ തന്നെയാണ് ബാഴ്സലോണ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ചെറിയ രീതിയിലെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവന്ന പരിശീലകര്‍ ലൂയിസ് എന്റിക്വ, വാല്‍വെര്‍ദെ, കോമന്‍ എന്നിവരാണ്. കാലങ്ങളായി ഒരേ ഫോര്‍മേഷനും കളിശൈലിയും പിന്തുടരുന്നത് ടീമിന്റെ തന്ത്രങ്ങള്‍ ഒരുക്കുന്നതിനെ പരിമിതപ്പെടുത്തുമെന്നാണ് കോമാന്‍ ചൂണ്ടിക്കാണിക്കുന്നത്. ലെവന്‍ഡോസ്‌കി ട്രാന്‍സ്ഫറിനെ സംബന്ധിച്ചും അദ്ദേഹം സംശയങ്ങള്‍ പ്രകടിപ്പിച്ചു.

‘ലെവന്‍ഡോസ്‌കി മികച്ച താരമാണ്, ഗോളുകള്‍ നേടാന്‍ കഴിയുന്ന കളിക്കാരനാണ്. പക്ഷെ 35 വയസിനോടടുക്കുന്ന ഒരു താരത്തിനാണ് പ്രതിഫലത്തിനു പുറമെ 50, 60 മില്യണ്‍ നല്‍കുന്നത് ബുദ്ധിപരമാണെന്ന് എനിക്ക് തോന്നുന്നില്ല. താരത്തിന് രണ്ടു വര്‍ഷങ്ങള്‍ കൂടി ഇനിയുമുണ്ടായേക്കാം. പക്ഷെ ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കിയാലും ഇല്ലെങ്കിലും എനിക്കതില്‍ സംശയങ്ങളുണ്ട്,’ കോമന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ബാഴ്‌സയുടെ മുഖമാകാന്‍ താല്‍പര്യമുണ്ടെന്ന് ലെവന്‍ഡോസ്‌കി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബയേണ്‍ മ്യൂണിക്കുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടെ ബാക്കിയുള്ള താരം പക്ഷെ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു.

Content Highlights: Ronald Koeman criticizes Xavi and his Coaching style

Latest Stories

We use cookies to give you the best possible experience. Learn more