കളി പഠിക്കാന്‍ കോച്ച് തന്നോട് റയല്‍ മാഡ്രിഡ് ഇതിഹാസത്തിന്റെ വീഡിയോസ് കാണാന്‍ പറയുമായിരുന്നു: ബാഴസലോണ താരം
Football
കളി പഠിക്കാന്‍ കോച്ച് തന്നോട് റയല്‍ മാഡ്രിഡ് ഇതിഹാസത്തിന്റെ വീഡിയോസ് കാണാന്‍ പറയുമായിരുന്നു: ബാഴസലോണ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th March 2023, 6:16 pm

കളിയിലെ ഹെഡറുകള്‍ മെച്ചപ്പെടുത്താന്‍ റയല്‍ മാഡ്രിഡ് ലെജന്‍ഡ് സെര്‍ജിയോ റാമോസിന്റെ വീഡിയോസ് കാണാന്‍ പരിശീലകര്‍ തന്നോട് ആവശ്യപ്പെടാറുണ്ടെന്ന് ബാഴ്‌സലോണ താരം റൊണാള്‍ഡ് അരൗഹോ. സ്പാനിഷ് ഔട്‌ലെറ്റായ മാര്‍ക്കയോടാണ് അരൗഹോ ഇക്കാര്യം പറഞ്ഞത്.

തന്റെ 18ാം വയസില്‍ ബാഴ്‌സയില്‍ ജോയിന്‍ ചെയ്ത സമയത്ത് കളി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് പരിശീലകര്‍ തന്നോട് റാമോസിന്റെ കളികള്‍ കാണാന്‍ ആവശ്യപ്പെട്ടതെന്നും ഡിഫന്‍ഡിങ്ങില്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് തന്റെ കളി ഇംപ്രൂവ് ചെയ്യിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അരൗഹോ പറഞ്ഞു.

ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളാണ് സെര്‍ജിയോ റാമോസ്. 2014ലെ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ താരം നടത്തിയ ഹെഡര്‍ വലിയ രീതിയില്‍ പ്രശംസ്തിയാര്‍ജിച്ചിരുന്നു. മത്സരത്തിന്റെ 93ാം മിനിട്ടിലായിരുന്നു അത്.

റാമോസിന്റെ ഗോളോടെ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം 1-1ന്റെ സമനിലയിലാവുകയും എക്‌സ്്ട്രാ ടൈമില്‍ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ബാഴ്‌സലോണയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളില്‍ ഒരാളാണ് അരൗഹോ. കോപ്പ ഡെല്‍ റേയില്‍ നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ ബാഴ്സലോണ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സ റയലിനെ തോല്‍പ്പിച്ചത്.

മത്സരത്തിന് ശേഷം്അരൗഹോയെ പ്രശംസിച്ച് കോച്ച് സാവി ഹെര്‍ണാണ്ടസ് രംഗത്തെത്തിയിരുന്നു. ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അരൗഹോയെന്ന് പറയുകയായിരുന്നു സാവി.

മത്സരത്തിന്റെ 26ാം മിനിട്ടില്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്‌സലോണ ലീഡ് എടുത്തത്. സമനില പിടിക്കാന്‍ റയല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ബാഴ്‌സയുടെ വലസൂക്ഷിപ്പുകാരന്‍ ടെര്‍ സ്റ്റേഗനെ പരീക്ഷിക്കാന്‍ റയലിന് സാധിച്ചിരുന്നില്ല.

മാര്‍ച്ച് 19ന് ക്യാമ്പ് നൗവില്‍ വെച്ചാണ് രണ്ടാം പാദ മത്സരം.

Content Highlights: Ronald Araujo watched videos of Real Madrid legend Sergio Ramos to improve his game